| Monday, 17th November 2025, 1:30 pm

'ബൈസണ്‍ കാലമാട'ന്റെ കളികള്‍ ഇനി ഒ.ടി.ടിയില്‍ കാണാം; സ്ട്രീമിങ് തീയതി പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്രുവ് വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ ഒ.ടി.ടിയിലേക്ക്. അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട തമിഴ് ചിത്രങ്ങളിലൊന്നായ ബൈസണ്‍ കാലമാടന്‍ നവംബര്‍ 21ന് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കും. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക.

ഒക്ടോബര്‍ 17ന് തിയേററ്ററുകളിലെത്തിയ സിനിമ ആഗോളതലത്തില്‍ 70 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. തമിഴ് നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമിലെത്തിയ വാനകി കിട്ടന്‍ എന്ന യുവാവിന്റെ കഥയാണ് ബൈസണ്‍ പറയുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവും ദേശീയ കബഡി താരവുമായ മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈസണ്‍ ഒരുങ്ങിയത്.

സിനിമയില്‍ ധ്രുവ് വിക്രമിന് പുറമെ രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷകളുണ്ടായിരുന്ന സിനിമക്ക് തിയേറ്ററിലും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സിനിമയില്‍ ധ്രുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

വാഴൈക്ക് ശേഷം മാരി വെല്‍വരാജ് സംവിധാവനം ചെയ്ത ചിത്രത്തില്‍ പശുപതി, ആമീര്‍, അഴകം പെരുമാള്‍, അരുവി മദന്‍, അനുരാഗ് അറോറ, ലാല്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടിയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.

അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെയും നീലം സ്റ്റുഡിയോസ്സിന്റെയും ബാനറില്‍ സമീര്‍ നായര്‍, ദീപക് സീഗള്‍, പാ. രഞ്ജിത്ത്, അദിതി ആനന്ദ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. എഴില്‍ അരസു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് നിവാസ് കെ. പ്രസന്നയാണ്.

Content highlight: Bison, directed by Mari Selvaraj and starring Dhruv Vikram in the lead role, is coming to OTT

We use cookies to give you the best possible experience. Learn more