മുംബൈ: തങ്ങളുടെ പാക്കേജ്ഡ് കുടിവെള്ളം ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ബിസ്ലെരി ഇന്റര്‍നാഷണല്‍. ലബോറട്ടറി പരിശോധനയില്‍ വെള്ളത്തിന്റെ സാമ്പിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസ്ലെരിയുടെ പ്രതികരണം.
ഇതുവരെ, ഇ മെയില്‍ വഴിയോ നേരിട്ടോ എഫ്.എസ്.എസ്.എ.ഐയുടെ തങ്ങള്‍ക്ക് യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. കൂടാതെ, എഫ്.എസ്.എസ്.എ.ഐ യുടെ വെബ്സൈറ്റിലും ഇത്തരമൊരു നോട്ടീസ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
2025 സെപ്റ്റംബറില്‍ തങ്ങളുടെ 143 പ്ലാന്റുകളില്‍ ഒന്നാ ഗോവ പ്ലാന്റില്‍ ഉത്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ഇത് ഏകദേശം 14 മാസം പഴക്കമുള്ള കാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
‘2025 സെപ്റ്റംബര്‍ 30-ന്, എഫ്.എസ്.എസ്.എ.ഐ ഗോവയിലെ പ്ലാന്റില്‍ നിന്ന് ആറ് സാമ്പിളുകള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ അഞ്ച് സാമ്പിളുകള്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തി. എന്നാല്‍ ആറാമത്തെ സാമ്പിളില്‍ ബ്രോമേറ്റിന്റെ അളവ് ലിറ്ററിന് 12 മൈക്രോഗ്രാം ആണെന്ന് കണ്ടെത്തി.
അനുവദനീയമായ പരിധി ലിറ്ററിന് 10 മൈക്രോഗ്രാം ആണ്. 2025 നവംബര്‍ 22-ന് ബിസ്ലെരി നല്കിയ അപ്പീലിനെത്തുടര്‍ന്ന്, എഫ്.എസ്.എസ്.എ.ഐ ഈ സാമ്പിള്‍ പുനപരിശോധനയ്ക്കായി ഒരു റഫറല്‍ ലബോറട്ടറിയിലേക്ക് അയച്ചു.
റഫറല്‍ ലബോറട്ടറി നടത്തിയ പരിശോധനയില്‍, സാമ്പിളിലെ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. അതേസമയം, സാമ്പിളില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ രണ്ട് ഫലങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ബിസ്ലെരിക്ക് തോന്നി. തുടര്‍ന്ന്, അതേ സാമ്പിള്‍ എഫ്.എസ്.എസ്.എ.ഐ അംഗീകൃതമായ മറ്റൊരു ലബോറട്ടറിയില്‍ സ്വതന്ത്രമായി പരിശോധിക്കാന്‍ ബിസ്ലെറി ഏര്‍പ്പാടാക്കി. ആ പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി,’ എന്ന് ബിസ് ലെറിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഈ സ്വതന്ത്ര പരിശോധനാ ഫലങ്ങള്‍, 2026 ഫെബ്രുവരി രണ്ടിലെ ഔദ്യോഗിക കത്ത് സഹിതം എഫ്.എസ്.എസ്.എ.ഐയുടെ വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസിന് ഞങ്ങള്‍ സമര്‍പ്പിച്ചു. അതിനുശേഷം എഫ്.എസ്.എസ്.എ.ഐയില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിക്കാത്തതിനാല്‍, ഈ വിഷയം അവസാനിച്ചുവെന്നാണ് തങ്ങള്‍ കരുതിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘കുടിവെള്ളത്തിന്റെ സുരക്ഷയ്ക്ക് ബിസ്ലെരി വലിയ പ്രാധാന്യം നല്കുന്നു. ഞങ്ങളുടെ 10 ഘട്ടങ്ങളുള്ള നിര്‍മ്മാണ പ്രക്രിയയിലുടനീളം 90-ലധികം ഗുണനിലവാര പരിശോധനകള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഈ വിഷയം ഉചിതമായ നിയന്ത്രണ നടപടിക്രമങ്ങളിലൂടെ പരിഹരിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐയുമായി സഹകരിക്കുന്നത് തുടരും. വര്‍ഷങ്ങളായി ജനങ്ങള്‍ വിശ്വസിക്കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍, ബിസ്ലെരി ഇപ്പോഴും ഉപയോഗത്തിന് പൂര്‍ണ്ണമായും സുരക്ഷിതമാണ്.
ബിസ്ലെരി 90 ഗുണനിലവാര പരിശോധനകളും 10 ഘട്ടങ്ങളുള്ള ശുദ്ധീകരണ പ്രക്രിയയും ഉള്‍പ്പെടുന്ന കര്‍ശനമായ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. ഉപഭോക്താക്കള്‍ക്ക് ശുദ്ധവും സുരക്ഷിതവും ആരോഗ്യകരവുമായ വെള്ളം നല്‍കുക എന്ന തങ്ങളുടെ അടിസ്ഥാന മൂല്യത്തില്‍ കമ്പനി ഉറച്ചുനില്‍ക്കുന്നു,’ എന്നും പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Bisleri says it’s water ‘safe for consumption’ after FSSAI sanctions prosecution, says it has received no notice