ന്യൂദല്‍ഹി: ബിസ്ലെരിയുടെ പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലുള്ള ടെലിപാറ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിച്ച കുപ്പിവെള്ളത്തിന്റെ ഒരു സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ). ഈ ബാച്ചിലെ കുടിവെള്ളം സുരക്ഷിതമല്ലെന്നും എഫ്.എസ്.എസ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്ന് ശേഖരിച്ച തങ്ങളുടെ കുടിവെള്ള സാമ്പിള്‍ എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ സ്വതന്ത്ര പരിശോധനയില്‍ സ്ഥിരീകരിച്ചതായി ബിസ് ലെറി പ്രതികരിച്ചു. ലബോറട്ടറി ഫലങ്ങളിലെ ഈ പൊരുത്തക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും കമ്പനി എഫ്.എസ്.എസ്.ഐയോട് ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, ബിസ് ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എഫ്.എസ്.എസ്.ഐ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ജല്‍പൈഗുരി ജില്ലയിലെ ടെലിപാറയിലുള്ള ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് എഫ്.എസ്.എസ്.എ.ഐ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രാഥമിക, റഫറല്‍ ലബോറട്ടറികള്‍ രണ്ടിലും സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് 2026 ഓഗസ്റ്റ് 12-ന് ഈ പ്രത്യേക ബാച്ചിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നിരോധിക്കപ്പെട്ട ബാച്ചിലെ കുടിവെള്ളം എഫ്.എസ്.എസ്.എ.ഐ യുടെ നിര്‍ദ്ദേശപ്രകാരം നേരത്തെ തന്നെ വിപണിയില്‍ നിന്ന് തിരികെ വിളിച്ചിരുന്നതായി ബിസ്ലെറി വ്യക്തമാക്കി. ഒരേ ബാച്ചില്‍ നിന്നുള്ള സാമ്പിളുകള്‍ സ്വതന്ത്ര ലബോറട്ടറികളില്‍ പരിശോധിച്ചപ്പോള്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചതെന്നും കമ്പനി അറിയിച്ചു.
‘എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള ഒരു ലബോറട്ടറിയില്‍ ഇതേ ബാച്ചിലെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, അവ കോളിഫോം ബാക്ടീരിയയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും മറ്റ് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തി,’ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള മറ്റൊരു സ്വതന്ത്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും സാമ്പിളുകള്‍ കോളിഫോം ബാക്ടീരിയ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി സ്ഥിരീകരിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
നിയന്ത്രണ ഏജന്‍സിയുടെ പരിശോധനാ ഫലങ്ങളും സ്വതന്ത്ര പരിശോധനാ ഫലങ്ങളും തമ്മിലുള്ള ഈ വ്യത്യാസം വിശദമായ പരിശോധന അര്‍ഹിക്കുന്നു. സാമ്പിള്‍ ശേഖരണ പ്രക്രിയ, പരിശോധനാ രീതികള്‍, ലബോറട്ടറി കണ്ടെത്തലുകള്‍, ഫലങ്ങളിലെ വ്യത്യാസത്തിന് കാരണമായേക്കാവുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ പരിശോധിക്കാന്‍ എഫ്.എസ്.എസ്.എ.ഐയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
Content Highlight: Bisleri disputes FSSAI lab findings, cites clean independent tests on West Bengal water sample