| Friday, 1st August 2025, 5:45 pm

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നതിന് ആരാണ് വ്യാഖ്യാനം നല്‍കുന്നത് ? ആള്‍ക്കൂട്ടമോ; ആര്‍.എസ്.എസിന് പാംപ്ലാനിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നും മതപരിവര്‍ത്തന നിയമത്തിന്റെ ദുര്‍വ്യാഖ്യാനം തടയണമെന്നാണ് പറഞ്ഞതെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങിവെക്കണമെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് ആര്‍.വി ബാബു പറഞ്ഞത്.

11 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണെന്നും ക്രൈസ്തവ സഭകള്‍ ഈ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണെന്നുമായിരുന്നു ആര്‍.വി ബാബുവിന്റെ വിമര്‍ശനം.

ഈ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാംപ്ലാനി. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം വിളിച്ചുകൂവിയാല്‍ അത് നിര്‍ബന്ധിത മതപരിവര്‍ത്തനമാകില്ലെന്ന് പാംപ്ലാനി പറഞ്ഞു.

അങ്ങനെ ആക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ ഉണ്ട്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണകൂടത്തിന് കഴിയാത്തതാണ് ഇത്തരം ആരോപണങ്ങള്‍ അസ്ഥാനത്ത് ഉയര്‍ത്താനും അതിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനുമുള്ള സാഹചര്യം ഇവിടെ സംജാതകമാക്കുന്നത്.

മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്നല്ല ആവശ്യപ്പെട്ടത്. ഈ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമത്തിന്റെ ദുര്‍വ്യാഖ്യാനം തടയണമെന്നാണ് പറഞ്ഞത്. ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്.

അതേസമയം ഈ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നതിന് ആരാണ് വ്യാഖ്യാനം നല്‍കുന്നത്. ഇപ്രകാരമുള്ള ആള്‍ക്കൂട്ടങ്ങളുടെ വിചാരണയിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെടുന്നു എന്നുള്ളതാണ് ഏറെ അപകടകരമായ വസ്തുത.

ആ ഒരു അപകടാവസ്ഥ ഇത്തരത്തിലുള്ള നിയമനിര്‍മാണത്തിലൂടെ സംഭവിക്കുന്നു. അതിന് സത്വരമായ പരിഹാരം കാണണം. ഇങ്ങനെ അന്യായമായി നിര്‍മിക്കപ്പെട്ട നിയമങ്ങള്‍, ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ എന്നിവ പിന്‍വലിക്കണം.

ആള്‍ക്കൂട്ടങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണം എന്നത് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും സമൂഹം മനസിലാക്കേണ്ട സത്യമാണ്,’ പാംപ്ലാനി പറഞ്ഞു.

Content Highlight: Bishop Pamplani reply to Rss and Viswa Hindu Parishad

We use cookies to give you the best possible experience. Learn more