വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്‌നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് നിവിന്‍ പോളി. പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്കും തന്റെ സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു. റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു.
നിവിന്‍ പോളി. Photo: X.com
ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ സര്‍വ്വം മായ വെറുമൊരു സാമ്പിള്‍ വെടിക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിന്റെ ബോക്സ് ഓഫീസ് പെര്‍ഫോമന്‍സ്.
മലയാളത്തിലെ മിക്ക ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കൊണ്ട് ആഗോളതലത്തില്‍ 330 കോടിയ്ക്കടുത്തും കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയിലധികവുമായിരുന്നു ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ബെത്‌ലഹേം ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ബെത്‌ലഹേമിന്റെ ട്രെന്‍ഡിന് പിന്നാലെ നിവിന്റെ നാല് ചിത്രങ്ങളാണ് ജിയോ ഹോട്‌സ്റ്റാറിന്റെ ടോപ് ടെന്‍ മലയാളം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചത്.
നിവിന്‍ പോളി. Photo: X.com
ഇപ്പോഴിതാ ചരിത്രവിജയത്തിനൊപ്പം തന്റെ നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് നിവിന്‍ പോളി. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സിനിമാ മേഖലക്കകത്ത് നിന്നും പുറത്ത് നിന്നും ഒട്ടനവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. റീപ്പീറ്റ് വാല്യൂവുള്ള ഒട്ടനവധി റോം-കോം ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന് ജന്മദിനാംശകള്‍ അറിയിച്ച് സിനിമാപ്രേമികളും പോസ്റ്റിടുന്നുണ്ട്.
Content Highlight: Birthday of Mollywood star Nivin Pauly