ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷം തടസപ്പെടുത്തിയ രണ്ട് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യു.പിയിലെ ബറേലിയിലാണ് സംഭവം. രണ്ട് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് ബജ്‌രംഗ്ദള്‍ ലവ് ജിഹാദ് ആരോപിച്ചത്.
സംഭവത്തില്‍ റിഷഭ് താക്കൂര്‍, ദീപക് പഥക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് റിഷഭ് താക്കൂറിനെ ബജ്‌രംഗ്ദളില്‍ നിന്നും പുറത്താക്കിയതായും റിപ്പോട്ടര്‍ട്ടുകളുണ്ട്.
ആഘോഷത്തില്‍ പങ്കെടുത്ത രണ്ട് മുസ്‌ലിം വിദ്യാർത്ഥികൾക്കെതിരെയും കഫേ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമാധാന ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബെര്‍ത്ത്‌ഡേ പാര്‍ട്ടിയിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ചേര്‍ന്നാണ് ജന്മദിനം ആഘോഷിച്ചിരുന്നത്.
ഇവർക്കിടയിലേക്ക് ഇരച്ചുകയറിയ പ്രതികള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലവ് ജിഹാദ് ആരോപിക്കുകയും രണ്ട് കുട്ടികളെ ആക്രമിക്കുകയും ചെയ്തു. അക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ഇതിനുപിന്നാലെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രതികള്‍ പരിപാടി നടന്ന കഫേയിലേക്ക് എത്തിയത്.
എന്നാല്‍ പ്രതികളെ ചോദ്യം ചെയ്ത പെണ്‍കുട്ടിയോട് കയര്‍ത്ത് സംസാരിക്കുന്ന പൊലീസിനെയും ഈ ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അനുനയിപ്പിക്കുന്നുമുണ്ട്.
ബി.എന്‍.എസിലെ ഉപദ്രവം, ഉപദ്രവത്തിന് തയ്യാറെടുത്ത ശേഷം വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, സമാധാന ലംഘനത്തിനായി മനപൂര്‍വ്വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കതിരെ കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറില്‍ തിരിച്ചറിയാത്ത മറ്റ് പ്രതികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഫേയില്‍ നിയമവിരുദ്ധമായ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ബജ്‌രംഗ്ദളിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മറ്റു തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
നിലവില്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. വ്യാജ ആരോപണങ്ങള്‍ നേരിട്ട യുവാക്കള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
Content Highlight: Birthday celebration disrupted in UP on allegations of love jihad; Two Bajrang Dal workers arrested