| Sunday, 7th June 2026, 11:02 am

ഇന്ത്യയില്‍ വിദ്യാസമ്പന്നര്‍ക്കിടയില്‍ ജനനനിരക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വന്‍തോതില്‍ കുറഞ്ഞു: ഇലോണ്‍ മസ്‌ക്ക്

നിഷാന. വി.വി

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ റീപ്ലേസ്‌മെന്റ് ലെവലിനും താഴേക്ക് പോയെന്ന് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്ക്.

ഇന്ത്യയിലെ ജനനനിരക്ക് വളരെ വലിയ രീതിയില്‍ കുറയുകയാണെന്നും വിദ്യാസമ്പന്നര്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ ജനനിരക്ക് റിപ്ലേസ്‌മെന്റെ് പരിധിക്ക് താഴെയായിരുന്നുവെന്നും ഇലോണ്‍ മസ്‌ക്ക് പറഞ്ഞു.

എ.എഫ് പോസ്റ്റ്’ എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മസ്‌കിന്റെ പ്രതികരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഫെര്‍ട്ടിലിറ്റി റേറ്റ് ഇത്രയധികം താഴുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൊത്തം ഫെര്‍ട്ടിലിറ്റി റേറ്റ് 2.3ല്‍ നിന്ന് 1.9 ആയി കുറഞ്ഞു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഫെര്‍ട്ടിലിറ്റി റേറ്റ് 1.2 മാത്രമാണ്. ഇത് ഫിന്‍ലന്‍ഡ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണ്. ‘ദി ഇക്കണോമിസ്റ്റ്’ മാഗസിനില്‍ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് എ.എഫ് പോസ്റ്റ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഫെര്‍ട്ടിലിറ്റി റേറ്റ് ഒരു സ്ത്രീക്ക് 1.9 എന്ന നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ റീപ്ലേസ്മെന്റ് ലെവല്‍ 2.1 ആണ്. ഇതിനര്‍ത്ഥം ഇന്ത്യയില്‍ ജനസംഖ്യ പഴയതുപോലെ നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികള്‍ ജനിക്കുന്നില്ല എന്നാണ്.

നിലവില്‍ 146 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ, 2023-ല്‍ ചൈനയെ മറികടന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമായി മാറിയിരുന്നു. ജനനനിരക്ക് കുറയുന്നുണ്ടെങ്കിലും ഉയര്‍ന്ന ജനസംഖ്യയും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അസമത്വങ്ങളും, സ്ത്രീ വിവേചനവും, കുറഞ്ഞ പ്രായത്തിലുള്ള വിവാഹങ്ങളും ഇപ്പോഴും ഇന്ത്യയില്‍ വെല്ലുവിളിയായി തുടരുന്നുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight: Birth rate among educated people in India dropped drastically years ago: Elon Musk

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more