| Wednesday, 13th August 2025, 12:39 pm

തിരക്കഥയെഴുതിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം; എൻ്റെ സിനിമാജീവിതത്തിൻ്റെ അടിത്തറ: ബിപിൻ ചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ബിപിന്‍ ചന്ദ്രന്‍. ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി.

ഇപ്പോള്‍ സിനിമയില്‍ വന്നതിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് ബിപിന്‍ ചന്ദ്രന്‍.

തന്റെ സിനിമാജീവിതത്തിന് പച്ചക്കൊടി കാണിച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് ബിപിന്‍ പറയുന്നു.

‘സിനിമാജീവിതത്തിനു പച്ചക്കൊടി വീശിയത് മമ്മൂട്ടിയായിരുന്നു. മമ്മൂക്കയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന സിനിമയ്ക്ക് സംഭാഷണം എഴുതാന്‍ അവസരമുണ്ടായി. ഡാഡി കൂളിന് സംഭാഷണമെഴുതുന്ന സമയത്ത് തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുകയും ചെയ്തു,’ ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

ഇതുരണ്ടും സംഭവിച്ചത് മമ്മൂട്ടി കാരണമാണെന്നും ‘അയാള്‍ എഴുതി നോക്കട്ടെ’ എന്ന മമ്മൂട്ടിയുടെ വാക്കിന്റെ പുറത്താണ് തനിക്ക് ആ അവസരം കിട്ടിയതെന്നും ബിപിന്‍ ചന്ദ്രന്‍ പറഞ്ഞു.

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത തന്നെക്കൊണ്ട് തിരക്കഥയെഴുതിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യമാണ് തന്റെ സിനിമാജീവിതത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാജ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോള്‍ ഫിലിം റിവ്യൂ മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നുവെന്നും അതോടെ തനിക്ക് മലയാളം വാരികയില്‍ ലേഖനങ്ങളെഴുതാന്‍ അവസരം കിട്ടിയെന്നും ബിപിന്‍ പറയുന്നു. ഇക്കാലത്ത് താന്‍ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ‘മമ്മൂട്ടി: കാഴ്ചയും വായനയും’ എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇപ്പോള്‍ അടുത്ത നോവലിന്റെ പണിപ്പുരയിലാണെന്നും ബിപിന്‍ ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content  Highlight: Bipin Chadran talking about Mammootty

We use cookies to give you the best possible experience. Learn more