| Friday, 8th February 2019, 2:59 pm

കുമ്പളങ്ങി രാത്രിയില്‍ ബോണി കൂട്ടുകാരിക്ക് കോരിക്കൊടുത്ത ആ വയലറ്റ് വെളിച്ചം എന്തായിരുന്നു?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

“ബോണീ, കവര് പൂത്തിട്ടുണ്ട്; കൊണ്ടുപോയി കാണിച്ചുകൊടുക്ക്” കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഷൈന്‍ നിഗം അവതരിപ്പിക്കുന്ന ബോബിയെന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. തുടര്‍ന്ന് ബോണി അവന്റെ കൂട്ടുകാരിയെ കായലിക്കേ് കൊണ്ടുപോകുകയും വെള്ളത്തിനു മുകളില്‍ പടര്‍ന്ന ഒരു നീല വെളിച്ചം കാട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിറങ്ങിയ പലരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ് എന്താണ് കവര്, ആ നീല നിറം എവിടെനിന്നുവന്നു എന്നതൊക്കെ.

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്.

പ്രകാശത്തിനൊപ്പം ചൂട് ഒട്ടും തന്നെ പുറത്തുവിടാത്തതിനാല്‍ “തണുത്ത വെളിച്ചം” എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ലുസിഫെറൈസ് എന്ന എന്‍സൈം ലൂസിഫെറിന്‍ എന്ന പ്രോട്ടീനിനെ ഓക്‌സികരിക്കുന്നതിന്റെ ഫലമായിട്ടാണ് പ്രകാശം പുറപ്പെടുവിക്കുന്നത്.

ഈ പ്രതിഭാസമാണ് മിന്നാമിനുങ്ങിന്റെ വെളിച്ചവും. കടല്‍പരപ്പില്‍ ചിലപ്പോള്‍ തീപിടിച്ചത് പോലെ കാണുന്ന പ്രകാശം നോക്ടിലൂക്ക എന്ന ബാക്ടീരിയയുടെ ബയോലൂമിനസെന്‍സ് കാരണമാണ്. ചെങ്കടലിന്റെ ചുവപ്പും ഇതുപോലെയുള്ള സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തന ഫലമായുണ്ടാവുന്നത്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മണ്ണിരകള്‍, കടല്‍ത്തട്ടില്‍ കാണുന്ന ചില മത്സ്യങ്ങള്‍ എന്നിവക്കും ഈ കഴിവുണ്ട്.

ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്തുന്നു. ചില ജീവികളില്‍ ഇവ കാണണമെങ്കില്‍ ഒരു പ്രത്യേക ഭക്ഷണമോ മറ്റേതെങ്കിലും ജീവിയോ ഉണ്ടാവണം.

കടലിനോടു ചേര്‍ന്നുള്ള കായല്‍ പ്രദേശത്താണ് ഈ പ്രതിഭാസം പലപ്പോഴും കാണപ്പെടുന്നത്. വെളിച്ചം വിതറാന്‍ കഴിവുള്ള ഈ ജീവികളെ മനുഷ്യകുലത്തിന് ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ പരീക്ഷണ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.



We use cookies to give you the best possible experience. Learn more