മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു. ഗുണ്ട എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബിനു പപ്പു പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.
ഭീമന്റെ വഴി, ഹെലന്‍, തുടരും, സൗദിവെള്ളക്ക തുടങ്ങിയവ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഇപ്പോള്‍ മലയാള മനോരമ ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഒരിക്കലും സിനിമ എന്ന ലക്ഷ്യം മനസിലുണ്ടായിരുന്നില്ലെന്ന് ബിനു പപ്പു പറയുന്നു.
ബാംഗ്ലൂരില്‍ അനിമേഷന്‍ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു താനെന്നും വളരെ യാദ്യച്ഛികമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര ‘ഗുണ്ട’ എന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതിയാണ് അന്ന് പോയത്. അതിന് തൊട്ടുപിന്നാലെയാണ് ആഷിഖ് അബു ഗ്യാങ്സ്റ്ററിലേക്ക് വിളിക്കുന്നത്. അപ്പോഴും അഭിനയത്തെക്കാള്‍ സിനിമയുടെ സാങ്കേതികവശങ്ങള്‍ പഠിക്കാനായിരുന്നു എനിക്കു താത്പര്യം. ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചില ഗ്രീന്‍ സ്‌ക്രീന്‍ ഷൂട്ടുകള്‍ ഞാന്‍ ഡയറക്ട് ചെയ്തിരുന്നു.
എന്നാല്‍, ഒരു സിനിമ എങ്ങനെയാണ് രുപപ്പെടുന്നത്, ഒരു ഷോട്ട് എങ്ങനെയാണ് കണ്‍സീവ് ചെയ്യുന്നത് എന്നതിനെക്കുറിച്ചൊന്നും എനിക്കു വലിയ ധാരണയില്ലായിരുന്നു. അത് കൃത്യമായി പഠിക്കാനാണു ഞാന്‍ ആഷിഖേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ചേര്‍ന്നത്. ‘ഗ്യാങ്‌സ്റ്റര്‍ കഴിഞ്ഞ് ‘റാണി പദ്മിനി’യില്‍ അപ്രന്റീസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു,’ ബിനു പപ്പു പറയുന്നു.
മായാനദിയുടെ ചിത്രീകരണ സമയത്താണ് സിനിമയെ താന്‍ ഗൗരവമായി എടുത്തു തുടങ്ങിയതെന്നും ആ സിനിമയുടെ ഓരോ ഘട്ടവും തന്നെ അത്ഭുതപ്പെടുത്തിയെന്നും ബിനു പപ്പു പറയുന്നു. 2017 ഓടെ ജോലി പൂര്‍ണമായും ഉപേക്ഷിച്ച് താന്‍ സിനിമയില്‍ സജീവമായെന്നും ജോലി ചെയ്തിരുന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് രാജിവച്ച് താന്‍ ഫുള്‍ടൈം സിനിമയിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണ്ട് സിനിമയുടെ പ്രധാന കേന്ദ്രം ചെന്നൈ ആയിരുന്നുവെന്നും കോഴിക്കോട് വീടുണ്ടായിരുന്നെങ്കിലും ജോലിസംബന്ധമായി അച്ഛന്‍ അന്ന് അധികവും ചെന്നൈയിലായിരുന്നുവെന്നും ബിനു പപ്പു പറഞ്ഞു.
Content Highlight: Binu Pappu talks about his entry into cinema