| Tuesday, 3rd March 2026, 10:46 pm

പിന്‍ഗാമിയുടെ ഷൂട്ടിനിടെ എടുത്ത ചിത്രം; അവരോടെനിക്ക് സ്‌നേഹവും അടുപ്പവുമുണ്ട്: ബിനു പപ്പു

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബിനു പപ്പു. നിരവധി സിനിമകളില്‍ അിസിസ്റ്റന്റായി പ്രവര്‍ത്തിച്ച ബിനു പപ്പു ഗുണ്ട എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയജീവതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ഹെലന്‍, സൗദി വെള്ളക്ക, തുടരും.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടിയാണ് അദ്ദേഹം. കുട്ടിക്കാലത്ത് മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖ നടന്മാരെ താന്‍ നേരിട്ട് കണ്ട അനുഭവങ്ങള്‍ ബിനു പപ്പു പല അഭിമുഖങ്ങളിലുമായി പങ്കുവെച്ചിട്ടുണ്ട്. കുറച്ച് മുമ്പ് താരം മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പങ്കുവെക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇപ്പോള്‍ മനോരമ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ ആ ഫോട്ടോയ്ക്ക് പിന്നിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു. ‘പിന്‍ഗാമി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണതെന്ന് നടന്‍ പറയുന്നു.

’92ലോ മറ്റോ കോഴിക്കോട് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചെറുപ്പത്തിലേ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ കാണാറുണ്ട്. അച്ഛനൊപ്പം ഒരുപിടി സിനിമകള്‍ ചെയ്തവരാണല്ലോ അവര്‍. അവരെ കാണുമ്പോള്‍ എനിക്കു വലിയൊരു അടുപ്പവും സ്‌നേഹവും തോന്നാറുണ്ട്. അവര്‍ തിരിച്ചും അങ്ങനെ തന്നെയാ സംസാരിക്കാറുള്ളത്,’ ബിനു പപ്പു പറയുന്നു.

കുടംബത്തില്‍ നിന്ന് നിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കാറുണ്ടെന്നും അമ്മയ്ക്ക് വലിയ സന്തോഷമാണെന്നും അദ്ദേഹം പറയുന്നു അച്ഛന്‍ നിറഞ്ഞുനിന്ന മേഖലയില്‍ മക്കള്‍ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരു ന്നുവെന്നും തനിക്ക് ഒരു ചേച്ചിയും ചേട്ടനുമാണുള്ളതെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. അമ്മയും ചേട്ടനും കോഴിക്കോട് തന്നെയാണ് താമസമെന്നും ഭാര്യ അഷിത ബാംഗ്ലൂരില്‍ ആര്‍ക്കിടെക്ടാണെന്നും നടന്‍ പറഞ്ഞു.

ഭാവന നായികയായെത്തിയ അനോമിയാണ് ബിനു പപ്പുവിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയില്‍ ബിനു അവതരിപ്പിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight:  Binu Pappu talks about a childhood photo taken with Mohanlal

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more