തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ബാഹുല്‍ രമേശ് തന്നെയാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ബാഹുലാണ്.
സന്ദീപ് പ്രദീപ് നായകവേഷത്തിലെത്തിയ ചിത്രത്തില്‍ നരേന്‍, വിനീത്, അശോകന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിനു പപ്പു.
‘ബാഹുലും ദിന്‍ജിത്തും എന്നെ വിളിച്ചാണ് കഥ നറൈയിറ്റ് ചെയ്തത്. നമ്മളുടെ ഉള്ളില്‍ ഒരു ഐഡിയ ഉണ്ടാകും. പക്ഷേ അത് അങ്ങനെയായിരിക്കില്ല. കളത്തില്‍ എത്തുമ്പോള്‍ വളരെ വ്യത്യസ്തമായിരിക്കും. ബാഹുലും ദിന്‍ജിത്തും എങ്ങനെയാണോ ആ കഥാപാത്രത്തെ കണ്ടത്, എങ്ങനെയാണോ അയാള്‍ സംസാരിക്കേണ്ടത്, എങ്ങനെയാണ് പെരുമാറേണ്ടത് അതിലേക്ക് നമ്മളെ മെല്ലെ വലിച്ച് കൊണ്ടുപോകും. ആ എഴുത്ത് തന്നെയാണ് റെഫറന്‍സ്. പേപ്പറില്‍ എന്തെങ്കിലും ഉണ്ടെങ്കിലേ സിനിമ ഉണ്ടാകൂ,’ ബിനു പപ്പു പറയുന്നു.
എഴുതിയ ആള്‍ തന്നെയാണ് ഇവിടെ ക്യാമറ കൈകാര്യം ചെയ്യുന്നതെന്നും സാധാരണ കട്ട് വിളിക്കുക സംവിധായകനാണ്, ഇവിടെ ക്യമാറമാനും തങ്ങളോട് തെറ്റ് ചൂണ്ടി കാട്ടി സംസാരിക്കാറുണ്ടെന്നും ബിനു പപ്പു പറഞ്ഞു. എക്കോയുടെ ഷൂട്ടിങ് വേറെ തന്നെ ഒരു എക്‌സ്പീരിയന്‍സായിരുന്നുവെന്നും എഴുത്തുകാരനും ക്യമാറമാനും ഒരാളെന്നത് സാധാരണ ഒരു സിനിമയില്‍ കാണാറില്ലെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു,
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് സിനിമ നിര്‍മിച്ചത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടൂവിന്റെ തിരക്കഥയിലൂടെയും തന്റെ കഴിവ് തെളിയിച്ച ബാഹുലിന്റെ മറ്റൊരു മാസ്റ്റര്‍ പീസാണ് എക്കോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content highlight: Binu Pappu shares his shooting experiences for Eko