ടോര്‍പിഡോയുടെ പൂര്‍ത്തികരണത്തിന് ശേഷം ചിത്രീകരിക്കാന്‍ പദ്ധതിയിട്ട സിനിമയാണ് തുടരുമെന്ന് നടനും സഹ സംവിധായകനുമായ ബിനു പപ്പു. തുടരുമിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒരു മാസം കൊണ്ട് തങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.
ബിനു പപ്പു photo: Binu Pappu/ fb.com
‘ഞാന്‍ എഴുതുന്ന, തരുണ്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ഷൂട്ട് ചെയ്യാന്‍ വേണ്ടി അതിന്റെ പ്രീ പ്രൊഡക്ഷന്‍ ചെയ്ത് കൊണ്ടിരിക്കുന്നതിന്റെ ഇടക്കാണ് തുടരും കേറി വന്നത്. ലാലേട്ടന്റെ കുറച്ച് ഡേറ്റ്‌സ് ഫ്രീയായി, പെട്ടന്ന് ഡേറ്റ് ഓക്കെയായപ്പോള്‍ തുടരും ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 2025 ജനുവരിയിലാണ് തുടരും ഷൂട്ട് പ്ലാന്‍ ചെയ്തത്.
അതിന് മുന്നേ ടോര്‍പിഡോ തീര്‍ത്തിട്ട് തുടരും ചെയ്യാനാണ് വിചാരിച്ചത്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം മാറിമറയുകയായിരുന്നു. പെട്ടന്ന് ഒരു ദിവസം തരുണിന്റെ ഫോണ്‍ കോള്‍, പെട്ടന്ന് വാ നമുക്ക് ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞോണ്ട്. ഏപ്രിലില്‍ ഷൂട്ട് തുടങ്ങണമെന്ന് പറഞ്ഞു. പിന്നെ ഒരു മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ട് തീര്‍ക്കണമായിരുന്നു. അങ്ങനെ ആകെ ഒറ്റ മാസം കൊണ്ടാണ് തുടരും പ്രീ പ്രൊഡക്ഷന്‍ ചെയ്തത്,’ ബിനു പപ്പു പറഞ്ഞു.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് തുടരും. 2025 ഏപ്രില്‍ 25നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. വന്‍ വിജയമായി തീര്‍ന്ന സിനിമ ബോക്‌സ് ഓഫീസില്‍ 200 കോടി നേടിയിരുന്നു.
അതേസമയം ഫഹദ് ഫാസില്‍, നസ്‌ലെന്‍, ഗണപതി തുടങ്ങി വന്‍താര നിര അണിനിരക്കുന്ന ചിത്രമാണ് ടോര്‍പിഡോ. ബിനു പപ്പു തിരക്കഥയെഴുതി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്.
Content Highlight: Binu Pappu says Thudarum film was planned to do after Torpedo