| Monday, 2nd March 2026, 9:52 pm

അച്ഛന്റെ അത്ര പോരാ മകന്‍ എന്ന് കേള്‍ക്കുന്നത് വലിയ ഭാരമാണ്; കഴിവ് തെളിയിച്ചില്ലെങ്കില്‍ ആരും കൂടെയുണ്ടാവില്ല: ബിനു പപ്പു

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് കഴിഞ്ഞിരുന്നു.

ഗുണ്ട എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബിനു പപ്പു ഹെലന്‍, ഭീമന്റെ വഴി, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ഇറങ്ങിയ തുടരും എക്കോ എന്നീ സിനിമകളിലും ബിനു പപ്പു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ സിനിമാപശ്ചാത്തലത്തില്‍ വളര്‍ന്നതിന്റെ ആനുകൂല്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും സെലിബ്രിറ്റി സ്റ്റാറ്റസൊന്നും താന്‍ അനുഭവിച്ചിട്ടില്ലെന്നും ബിനു പപ്പു പറയുന്നു.

‘അച്ഛന്റെ സുഹൃത്തുക്കളുടെ മക്കളായ ജിതന്‍ മുഹമ്മദ് (കെ.ടി. മുഹമ്മദിന്റെ മകന്‍), റഷീദ് (മാമുക്കോയയുടെ മകന്‍) എന്നിവരുമായുള്ള സൗഹൃദമല്ലാതെ വലിയ സിനിമാ ബന്ധങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ഇവര്‍ രണ്ടുപേരും കോളജില്‍ എന്റെ സീനിയേഴ്‌സ് ആയിരുന്നു. സിനിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല.

നാട്ടില്‍ വരുമ്പോള്‍ അച്ഛന്‍ തികച്ചും സാധാരണക്കാരനായിരുന്നു. കോഴിക്കോടി നു പുറത്തു പോകുമ്പോഴാണ് അച്ഛനെ കാണുമ്പോള്‍ ആള്‍ക്കാര്‍ കൂടിയിരുന്നത്. ഇന്ന ആളുടെ മകനാണ് എന്നു പറഞ്ഞ് ഞാനും ഒരിക്കലും സ്വയം പരിചയപ്പെടുത്താറുമില്ലായിരുന്നു. ‘നെപ്പോ കിഡ്’ ടാഗ് ഒരു വലിയ ഉത്തരവാദിത്തമാണ്,’ ബിനു പപ്പു പറയുന്നു.

താന്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും അച്ഛനുമായി താരതമ്യം ചെയ്യുമെന്നും അച്ഛന്റെ അത്ര പോരാ മകന്‍ എന്നു കേള്‍ക്കുന്നത് വലിയൊരു ഭാരമാണെന്നും നടന്‍ പറയുന്നു. ഇവിടെ നമ്മുടെ കഴിവ് തെളിയിച്ചില്ലെങ്കില്‍ ആരും കൂടെയുണ്ടാവില്ലെന്നും ഇങ്ങനെ ഒരു മേല്‍വിലാസം ഉണ്ടാകുമ്പോള്‍ സിനിമയില്‍ എളുപ്പത്തില്‍ ‘ആക്‌സസ്’ ഉണ്ടാകുമെന്നത് സത്യമാണെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാടിനെയും പ്രിയദര്‍ശനെയും തനിക്ക് ചെന്ന് കാണാന്‍ കഴിയുമെന്നും അത് അച്ഛനോടുള്ള അവരുടെ സുഹൃദ്ബന്ധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആ വഴിക്ക് നമുക്കൊരവസരം ചോദിക്കാമെന്നും എന്നാല്‍ ലഭിക്കുന്ന അവസരം മികച്ച രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അടുത്ത സിനിമയിലേക്ക് ആരും നമ്മെ പരിഗണിക്കില്ലെന്നും ബിനു പപ്പു പറഞ്ഞു.

Content Highlight: Binu Pappu  says that he has never experienced celebrity status 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more