| Sunday, 7th December 2025, 3:31 pm

അച്ഛനുമായുള്ള കംപാരിസണ്‍; കോമഡിയിലേക്ക് വരാത്തതിന്റെ കാരണവും ആ ഭയം: ബിനു പപ്പു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമകാലിക മലയാള സിനിമ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ബിനു പപ്പു. മലയാളികളുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്ന കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്നതിലുപരി തന്റേതായ അഭിനയ ശൈലിയാല്‍ മികച്ചുനില്‍ക്കുന്ന നടനാണ് ബിനു പപ്പു.

കുറെ ഏറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. ഇന്നിതാ എക്കോ സിനിമയിലൂടെയും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

ബിനു പപ്പു Photo: Binu pappu/ Facebook.com

ഹാസ്യ നടനായ പപ്പുവിന്റെ മകന്‍ എന്നുള്ള പേരുള്ളതുകൊണ്ട് തന്നെ പപ്പുവും ആയുള്ള കംപാരിസണ്‍ ആണ് ഏറ്റവും പേടി എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെയാണ് താന്‍ ഹാസ്യ രംഗത്തേക്കും കോമഡി കഥാപാത്രങ്ങള്‍ ചെയ്യാത്തതെന്നും ബിനു പപ്പു പറഞ്ഞു.

പതിമൂന്ന് വര്‍ഷത്തെ അനിമേഷന്‍ ഫീല്‍ഡ് വിട്ട് സിനിമ തെരഞ്ഞെടുത്തപ്പോള്‍ നല്ല പേടിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പതിമൂന്ന് വര്‍ഷത്തെ അനിമേഷന്‍ ഫീല്‍ഡ് വിട്ട് സിനിമയില്‍ വന്നപ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. സിനിമയാണ് എന്റെ കരിയര്‍ എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മായാനദി സിനിമയ്ക്ക് ശേഷമാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. ഒരു നെപോ കിഡ് ആയതുകൊണ്ടുതന്നെ സിനിമയില്‍ കയറാന്‍ എളുപ്പമാണ്. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്.

പപ്പുവിന്റെ മകന്‍ എന്ന വിശേഷണത്താല്‍ വന്നതുകൊണ്ട് തന്നെ അച്ഛനുമായുള്ള കംപാരിസണ്‍ വരും. അതിനുമുകളില്‍ എന്തെങ്കിലും ചെയ്യണം എന്നാണ് പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുക. അതുകൊണ്ടാണ് എനിക്ക് കോമഡി കഥാപാത്രങ്ങള്‍ അഭിനയിക്കാനും തിരഞ്ഞെടുക്കാനുള്ള പേടി,’ ബിനു പപ്പു പറഞ്ഞു.

ഓരോ കഥാപാത്രമായിരിക്കുമ്പോളും കോമഡി രംഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീമന്റെ വഴി എന്ന സിനിമയില്‍ മാത്രമാണ് ഒരു കോമഡി കഥാപാത്രമായി അഭിനയിച്ചിട്ടുള്ളു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ആഗോള തലത്തില്‍ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. സന്ദീപ് പ്രദീപ് നായകനായ സിനിമയില്‍ ബിനു പപ്പു, നരേന്‍, വിനീത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Binu Pappu on the reason behind not getting into comedy

We use cookies to give you the best possible experience. Learn more