| Tuesday, 9th July 2019, 3:28 pm

ബിനോയ് കോടിയേരി ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിനോയ് കോടിയേരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബിനോയ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.. വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്.

ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇവിടെ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ക്ഷേത്ര ദര്‍ശനം.

കേസില്‍ മുംബൈ സെഷന്‍സ് കോടതി ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

നേരത്തെ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അശോക് ഗുപ്ത ഡി.എന്‍.എ പരിശോധയനെ എതിര്‍ത്തിരുന്നു. രേഖാമൂലം പൊലീസ് ആവശ്യപ്പെട്ടാല്‍ മാത്രമേ ഡി.എന്‍.എ പരിശോധനയുമായി സഹകരിക്കൂവെന്നും ഇക്കാര്യത്തില്‍ ബിനോയിയുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹം കോടതിയില്‍ പറഞ്ഞത്. എന്നാലിപ്പോള്‍ പൊലീസിനു മുമ്പില്‍ ബിനോയ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചിരിക്കുകയാണ്.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്.

എന്നാല്‍ തനിക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് ഒളിവില്‍ പോകുന്നതിനു മുമ്പ് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു. തന്റെ പക്കല്‍നിന്ന് അഞ്ചുകോടി ആവശ്യപ്പെട്ട് കത്തയച്ചതിന് പരാതിക്കാരിയായ യുവതിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more