| Thursday, 23rd April 2026, 7:45 am

അന്നൊന്നും നിർത്തി പോയാൽ മറ്റുള്ളവരുടെ ബുദ്ധിമുട്ട് ചിന്തിക്കില്ല; ശ്രീകൃഷ്ണപുരം’ ചെയ്യുമ്പോൾ എനിക്ക് കോമഡി അറിയില്ലായിരുന്നു: ബിന്ദു പണിക്കർ

നന്ദന എം.സി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ബിന്ദുവിന് സാധിച്ചിരുന്നു. ചെയ്ത കഥാപാത്രങ്ങളാൽ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ഇന്ദുമതിയെന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല. ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയാതെ, വാക്കുകളുടെ അർത്ഥവുമറിയാതെ ഇന്ദുമതി പറഞ്ഞ പല വാക്കുകളും കേട്ട് നമ്മൾ പൊട്ടിച്ചിരിച്ചിട്ടുണ്ട്

ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം, Photo: YouTube/ Screengrab

1998ൽ ഇറങ്ങിയ ചിത്രത്തിന് ഇന്നും പുതുമയുണ്ട്. ഇപ്പോഴിതാ തനിക്ക് ആ സിനിമയിൽ കോമഡി ചെയ്യാൻ അറിയില്ലായിരുന്നെന്നും അന്നൊന്നും നമ്മൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടാകുമോ എന്നൊന്നും ചിന്തിച്ചിരുന്നില്ലെന്നും പറയുകയാണ് ബിന്ദു പണിക്കർ.

‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമ ചെയ്യുമ്പോൾ എനിക്കിപ്പോഴും ഓർമയുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് സീരിയസ് റോളും, കരയുന്നതും അല്ലെങ്കിൽ പാവം റോളുകളാണ് അറിയുന്നത്. പക്ഷേ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ചെയ്യാൻ പോയപ്പോൾ ഞാൻ അറിഞ്ഞത് ഇവരെല്ലാം നഗ്മയെ കാണാൻ പോകുന്ന സീൻ എടുക്കുകയാണെന്നായിരുന്നു.

ശ്രീകൃഷ്‌ണപുരത്തെ നക്ഷത്രത്തിളക്കം, Photo: YouTube/ Screengrab

അപ്പോൾ എന്നോട് പറഞ്ഞു കോമഡി സീനാണ് ചെയ്യേണ്ടത് എന്ന്. ഞാൻ പറഞ്ഞു കോമഡി എനിക്ക് ചെയ്യാൻ അറിയില്ലെന്ന്. അപ്പോൾ ‘ഓക്കേ, സ്ക്രിപ്റ്റിൽ ഉള്ളത് ചെയ്താൽ മതിയെന്ന്’ പറഞ്ഞു. അന്ന് നമ്മൾ നിർത്തി പോയാൽ ബാക്കിയുള്ളവരുടെ ബുദ്ധിമുട്ടൊന്നും ചിന്തിക്കുന്നില്ലല്ലോ,’ ബിന്ദു പണിക്കർ പറഞ്ഞു

രാജസേനന്റെ സംവിധാനത്തിൽ നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി, ബിന്ദു പണിക്കർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. കെ. ബാലചന്ദ്രന്റെ കഥയ്ക്ക്, മണി ഷൊർണൂർ തിരക്കഥയും രാജൻ കിഴക്കനേല സംഭാഷണവും ഒരുക്കി. തമിഴ് ചിത്രമായ ബാമ വിജയത്തിന്റെ റീമേക്കാണിത്.

കോമഡിയോടൊപ്പം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ 200 ചിത്രങ്ങളോളം ബിന്ദു പണിക്കർ ചെയ്തിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചിത്രത്തിലെ പ്രകടത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന അവാർഡും ബിന്ദുവിനെ തേടിയെത്തിയിരുന്നു.

Content Highlight: Bindu Panicker talk about the movie Sreekrishnapurathe Nakshathrathilakkam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more