| Thursday, 18th December 2025, 6:19 pm

'അമ്മിണി മാരെ കേറ്റിയെ' ആവിഷ്‌കാര സ്വാതന്ത്ര്യം; എങ്കില്‍ എന്റെ തീരുമാനം എന്റെ സ്വാതന്ത്ര്യം ആയി അംഗീകരിക്കണം: ബിന്ദു അമ്മിണി

അനിത സി

കോഴിക്കോട്: വിവാദമായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തെ വിമര്‍ശിക്കുന്നതിനോട് പ്രതികരിച്ച് ദളിത് ആക്ടിവിസ്റ്റും അക്കാദമിസ്റ്റുമായ ബിന്ദു അമ്മിണി.

ശബരിമലയില്‍ ‘അമ്മിണി മാരെ കേറ്റിയെ’ എന്നുള്ള പ്രയോഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം ആയിട്ടെ താന്‍ കാണുന്നുള്ളൂവെന്നും, അതുകൊണ്ടുതന്നെ താനെടുത്ത തീരുമാനത്തെയും സ്വാതന്ത്ര്യമായി തന്നെ അംഗീകരിക്കണമെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ചിലരുടെ കുത്തക ആണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അവര്‍ വിശദീകരിച്ചു.

‘ശബരിമലയില്‍ ‘അമ്മിണി മാരെ കേറ്റിയെ…’ എന്ന് ഉള്ള പ്രയോഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം ആയിട്ടെ ഞാന്‍ കാണുന്നുള്ളൂ, പക്ഷെ സ്വന്തം നിലക്ക് എടുത്ത തീരുമാനം എന്നത് ഞാന്‍ പറയുമ്പോള്‍ അത് എന്റെ സ്വാതന്ത്ര്യം ആയി കാണാന്‍ സ്വാതന്ത്ര്യം ഉണ്ട് എന്നതും, അതിനെ അംഗീകരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട് എന്നതും കൂടി അംഗീകരിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ചിലരുടെ കുത്തക ആണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ട് എങ്കില്‍ അതിനോട് യോജിക്കാന്‍ കഴിയില്ല,’ ബിന്ദു അമ്മിണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈറലായ അയ്യപ്പ ഭക്തി ഗാനത്തിനെ ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

മനപൂര്‍വം അയ്യപ്പനെ അവഹേളിക്കാനുള്ള ശ്രമമാണിതെന്നും ലീഗ് പ്രവര്‍ത്തകരുടെ സഹായത്താലാണ് യു.ഡി.എഫ് ഗാനമിറക്കിയതെന്നും ഇത് സംഘപരിവാറിന് ഉപയോഗിക്കാനായി നല്‍കുന്ന വടിയായി ഭവിക്കുമെന്നുമാണ് ഇടതുപക്ഷത്തിന്റെ വാദം.

ഇതിനിടെ, ‘പോറ്റിയേ കേറ്റിയേ’ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സി.പി.ഐ.എം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് പാര്‍ട്ടിയുടെ നീക്കം.

എന്നാല്‍, ഗാനം പുറത്തിറക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും സി.പി.ഐ.എമ്മിന് ഒരു പാരഡി ഗാനത്തെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത പോലുമില്ലാത്തത് കഷ്ടമാണെന്നുമാണ് പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ വിമര്‍ശനം.

കഴിഞ്ഞദിവസം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം സൈബര്‍ പൊലീസ് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഗാനരചയിതാവായ ജി.പി. കുഞ്ഞബ്ദുല്ല, ഡാനിഷ് മുഹമ്മദ്, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സൈബര്‍ ഓപ്പറേഷന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ഗാനത്തിലെ മതനിന്ദ ആരോപിച്ച് ഇതിനെതിരെ തിരുവാഭവരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയും പരാതിയുമായി ഡി.ജി.പിയെ സമീപിച്ചിരുന്നു.

Content Highlight: Parody song is Freedom of expression; then my decision should be accepted as my freedom: Bindu Ammini

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more