| Monday, 20th October 2025, 11:44 am

'ബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ കപ്പയും ബീഫുമാണ് സൂപ്പര്‍'; എന്‍.കെ. പ്രേമചന്ദ്രന് ബിന്ദു അമ്മിണിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.ഡി.എഫ് എം.പിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന്റെ ശബരിമല പൊറോട്ട-ബീഫ് പരാമര്‍ശത്തില്‍ മറുപടിയുമായി ബിന്ദു അമ്മിണി. ബീഫ് തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ കപ്പയും ബീഫുമാണ് സൂപ്പറെന്നും ബിന്ദു അമ്മിണി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.

‘ബീഫ് എനിക്ക് ഇഷ്ടമാണ്, പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്,’ ബിന്ദു അമ്മിണിയുടെ പോസ്റ്റ്.

പൊറോട്ടയും ബീഫും നല്‍കിയ ശേഷമാണ് സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതെന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം.

പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും പ്രേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

‘രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിനുശേഷം പൊലീസ് വാനില്‍ ആരും കാണാതെ പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയത്,’ എന്നായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്റെ പരാമര്‍ശം.

പരാമര്‍ശത്തിന് പിന്നാലെ എന്‍.കെ. പ്രേമചന്ദ്രന്‍ ഒരു ‘പരനാറി’യാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നാണ് ഫേസ്ബുക്കിലെ ഇടത് ഹാന്‍ഡിലുകള്‍ പ്രതികരിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ എം.എ. ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊല്ലത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചത്.

പിന്നീട് പല തവണ അദ്ദേഹം ഇത് ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രേമചന്ദ്രനും ആര്‍.എം.പിയും എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഈ വിശേഷണം അര്‍ത്ഥവത്താകുന്നുവെന്നാണ് ഇടത് ഹാന്‍ഡിലുകളുടെ ഇപ്പോഴത്തെ പ്രതികരണം.

Content Highlight: Bindhu Ammini’s reply to N.K. Premachandran

We use cookies to give you the best possible experience. Learn more