| Thursday, 23rd October 2025, 6:02 pm

പൊറോട്ട-ബീഫ് പരാമര്‍ശം; എന്‍.കെ. പ്രേമചന്ദ്രനെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല പൊറോട്ടയും ബീഫും പരാമര്‍ശത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി. യു.ഡി.എഫ് എം.പിയുടെ വിവാദ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്.

തന്റെ അന്തസിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന പ്രസ്താവനയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ നടത്തിയതെന്നും ബിന്ദു അമ്മിണി പരാതിയില്‍ പറയുന്നുണ്ട്.

‘രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിനുശേഷം പൊലീസ് വാനില്‍ ആരും കാണാതെ പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയത്,’ എന്നായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്റെ പരാമര്‍ശം.

യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും പ്രേമചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ തന്റെ പേരിനൊപ്പം രഹ്ന ഫാത്തിമയുടെ പേര് നല്‍കിയത് ദുരുദ്ദേശത്തോട് കൂടിയാണെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം. പാലായിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബിന്റെ പോയിട്ടില്ലെന്നും ബിന്ദു പരാതിയില്‍ പറയുന്നു.

ഭരണഘടനയെ സംരക്ഷിക്കേണ്ട ഒരു പാര്‍ലമെന്റ് അംഗത്തില്‍ നിന്ന് ഇത്തരത്തിലൊരു പരാമര്‍ശമുണ്ടായത് അംഗീകരിക്കാനാകില്ല. എന്‍.കെ. പ്രേമചന്ദ്രനെതിരെ കേസെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു.

നിയമബിരുദധാരി ആയിരിന്നിട്ടുകൂടി തന്റെ പരാമര്‍ശങ്ങളുടെ പരിണിതഫലം മനസിലാക്കാതെയല്ല പ്രേമചന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രേമചന്ദ്രന്റേത് മതസൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോട് കൂടിയ പ്രസ്താവനയാണെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.

Content Highlight: Bindhu Ammini files complaint against N.K. Premachandran

We use cookies to give you the best possible experience. Learn more