കൊച്ചി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളില്‍ തടവില്‍ കഴിയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ പദവിയില്‍ നിന്ന് നീക്കം ചെയ്യാവുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരന്ന പുതിയ ബില്ലിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
അമിത് ഷായുടെ 130ാം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം, ഫെഡറലിസത്തിന്റെ മുകളില്‍ അടിക്കുന്ന അടുത്ത ആണിയാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.
യൂണിയന്‍ സര്‍ക്കാരിന്റെ ഏജന്‍സികളെ വെച്ച് ജനപ്രിയ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ബാക്കിയാണ് ഇതെന്നും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ ഭരണത്തില്‍ നിന്ന് നീക്കാമെന്ന ബില്‍ പ്രത്യക്ഷത്തില്‍ ജനപ്രിയമെന്ന് തോന്നിക്കുന്ന പൂഴിക്കടകനാണെന്നും ഹരീഷ് പറഞ്ഞു.
ക്രിമിനല്‍ നടപടിക്രമങ്ങള്‍ പതിറ്റാണ്ടുകള്‍ വൈകുന്നത് സ്വാഭാവികമായ ഇന്ത്യയില്‍ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നത് നിഷ്‌ക്കളങ്കമല്ലെന്നും ഭേദഗതി നിര്‍ദ്ദേശം ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനമല്ലേയെന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.
ഈ ഭരണഘടന പൊളിച്ചടുക്കിയേ മോദിജിയും കൂട്ടരും അടങ്ങൂവെന്നും ഇന്ത്യക്കാര്‍ ഇവരുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും
ഇതുവരെയുള്ള തരം ചെറുത്തുനില്‍പ്പ് രീതികള്‍ കൊണ്ട് തടയാവുന്നതല്ല ഈ സര്‍ക്കാര്‍ അട്ടിമറിയെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെയടക്കം നീക്കം ചെയ്യുന്നതാണ് ഈ ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239 AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍. ലോക്‌സഭയില്‍ ഇന്ന് ബില്‍ അവതരിപ്പിക്കും.
പുതിയ നിയമം അനുസരിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രി എന്നിവരുള്‍പ്പെടെ ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വെച്ചാല്‍ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാണ് ബില്‍ ആവശ്യപ്പെടുന്നത്.
2019 ലെ ജമ്മു കശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 (4A) എന്ന പുതിയ വകുപ്പ് ചേര്‍ക്കുന്നതിനാണ് നിര്‍ദ്ദിഷ്ട ഭേദഗതി ലക്ഷ്യമിടുന്നത്.
ഒരു മന്ത്രിയെ അറസ്റ്റ് ചെയ്ത് തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ വെച്ചാല്‍ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം 31 ദിവസത്തിനുള്ളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഈ വകുപ്പില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി അത്തരമൊരു ഉപദേശം നല്‍കിയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ മന്ത്രി സ്വയമേവ പദവിയില്‍ നിന്ന് വിരമിക്കും.
ഭരണഘടനാപരമായ ധാര്‍മികത സംരക്ഷിക്കുക, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ പൊതുജന വിശ്വാസം ഉറപ്പാക്കുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Bills propose removal of PM, chief minister if arrested for 30 days Harish Vasudevan Facebook post