| Friday, 26th December 2025, 10:58 am

'യേശു ഫലസ്തീനി'; ക്രിസ്മസ് സന്ദേശവുമായി ടൈംസ് സ്‌ക്വയറിലെ പരസ്യബോര്‍ഡ്

നിഷാന. വി.വി

ന്യൂയോര്‍ക്ക്: ശ്രദ്ധേയമായി ടൈംസ് സ്‌ക്വയറിലെ പരസ്യ ബോര്‍ഡ്. യേശു ഫലസ്തീനിയാണെന്ന് എഴുതി പ്രദര്‍ശിപ്പിച്ച പരസ്യബോര്‍ഡാണ് ശ്രദ്ധേയമായത്.

അമേരിക്കയിലെ ടൈംസ് സ്‌ക്വയറിലെ ഒരു ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ ക്രിസ്മസ് ആശംസകള്‍ക്കൊപ്പമായിരുന്നു ഈ വാചകം എഴുതി കാണിച്ചത്.

ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ അവധിക്കാലത്ത് ചരിത്രം,വിശ്വാസം, സത്വം എന്നിവയെക്കുറിച്ച് ചിന്തിക്കാനുളള അവസരമാണിതെന്ന് അനുകൂലികള്‍ പ്രതികരിച്ചു.

അമേരിക്കന്‍-അറബ് ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എ.ഡി.സി) യാണ് പരസ്യ ബോര്‍ഡില്‍ ക്രിസ്മസ് ആശംസ പ്രദര്‍ശിപ്പിച്ചത്.

ഫലസ്തീന്‍ സ്വത്വത്തെ ഇല്ലാതാക്കുന്നതിനെതിരെയുള്ള സാംസ്‌കാരിക പ്രതിരോധം എന്ന നിലയിലാണ് സന്ദേശം പ്രദര്‍ശിപ്പിച്ചത് എന്നായിരുന്നു ഗ്രൂപ്പിന്റെ വിശദീകരണം.

ഇസ്‌ലാം യേശുവിനെ പ്രവാചകനായി ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു എ.ഡി.സി നിലപാട് വ്യക്തമാക്കിയത്.

‘ഗസ്സയില്‍ വംശഹത്യനടക്കുമ്പോള്‍ ,യേശുവിന്റെ ജന്മസ്ഥലം ഉപരോധത്തിലും അധിനിവേഷത്തിലും ആയിരിക്കെ ടൈംസ് സ്‌ക്വയറിന്റെ ഹൃദയ ഭാഗത്ത് ഞങ്ങള്‍ അടിസ്ഥാന സത്യം വീണ്ടെടുക്കുന്നു,’ എ.ഡി.സി പോസ്റ്റില്‍ കുറിച്ചു. യേശുവിനെ ബത്‌ലഹേമില്‍ ജനിച്ച ഫലസ്തീന്‍ അഭയാര്‍ത്ഥിയായി വിശേഷിപ്പിക്കുകയും ചെയ്തു.

പച്ച നിറത്തിലുളള പശ്ചാത്തലത്തില്‍ കറുപ്പ് നിറത്തിലായിരുന്നു പരസ്യ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സന്ദേശം സമൂഹത്തെ ഭിന്നിപ്പിക്കുന്നതോ പ്രകോപനപരമോ ആണെന്ന വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരേ സമയം നിരവധിയാളുകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.

മനോഹരവും ചിന്തോദീപവും എന്നതായിരുന്നു അനുകൂലികളുടെ പ്രതികരണം. യുനൈറ്റഡ് സ്റ്റെയ്റ്റ്‌സില്‍ ഇത്തരമൊരു സന്ദേശം ഇത്രയും പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചത് കണ്ട് തങ്ങള്‍ അത്ഭുതപ്പെട്ടുവെന്നും പ്രതികരണങ്ങളുണ്ടായി.

അതേസമയം ഫലസ്തീനിയന്‍ എന്നല്ല, ജൂതന്‍ എന്ന് വിശേഷിപ്പിക്കണമെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടര്‍ പരസ്യ ബോര്‍ഡിനെ പൂര്‍ണമായി തള്ളി കളഞ്ഞിട്ടുണ്ട്

Content Highlight:Billboard says Jesus is Palestinian; Christmas message on Times Square causes controversy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more