ന്യൂദല്‍ഹി: അറസ്റ്റിലാവുന്ന മന്ത്രിമാരെ നീക്കം ചെയ്യാനുള്ള ബില്ലുകള്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) രൂപീകരിക്കുന്നത് പ്രഹസനം ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തന്റെ പാര്‍ട്ടിയും സമാജ്‌വാദ് പാര്‍ട്ടിയും (എസ്.പി) ജെ.പി.സിയിലേക്ക് ആരെയും നാമനിര്‍ദ്ദേശം ചെയ്യുന്നില്ലെന്ന് ടി.എം.സി രാജ്യസഭാ എം.പി ഡെറിക് ഒബ്രിയാന്‍ അറിയിച്ചു.
കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവണ്‍മെന്റ് (ഭേദഗതി) ബില്‍-2025, ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബില്‍-2025, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍-2025 എന്നിവ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു.
ഗുരുതരമായ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഈ ബില്ലുകള്‍ നല്‍കുന്നു. ബില്ലുകള്‍ ജെ.പി.സിക്ക് അയച്ചിട്ടുണ്ട്.
എന്നാല്‍ 130ാം ഭരണഘടനാ ഭേദഗതി ബില്ലിനെ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ തന്നെ തങ്ങള്‍ അത് എതിര്‍ത്തിരുന്നു എന്ന് ഒബ്രിയാന്‍ പറഞ്ഞു.
‘ഞങ്ങളുടെ കാഴ്ചപ്പാടില്‍ ജെ.പി.സി ഒരു പ്രഹസനമാണ്. അതിനാല്‍, എ.ഐ.ടി.സി.യില്‍ നിന്ന് ആരെയും ഞങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നില്ല,’ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ശേഷം പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ട് പ്രതിപക്ഷ പാര്‍ട്ടികളായ ടി.എം.സി.യും എസ്.പി.യും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടെന്ന് തീരുമാനിച്ചതായും പാനല്‍ ബഹിഷ്‌കരിക്കാനുള്ള കാരണങ്ങള്‍ പട്ടികപ്പെടുത്തിയതായും ഒബ്രിയാന്‍ പറഞ്ഞു.
‘ജെപിസിയുടെ ചെയര്‍മാനെ ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍പേഴ്സണും പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുന്നു, ആവശ്യമെങ്കില്‍, പാര്‍ട്ടിയുടെ ശക്തി അനുസരിച്ച് ഓരോ പാര്‍ട്ടിയും അംഗങ്ങളെ പിന്നീട് നാമനിര്‍ദ്ദേശം ചെയ്യുന്നു. ഇത് സഭകളിലെ അംഗസംഖ്യ കാരണം ഈ കമ്മിറ്റികളെ ഭരണ ഭൂരിപക്ഷത്തിലേക്ക് നയിക്കുന്നു. ജെ.പി.സിയുടെ ചെയര്‍പേഴ്സണ്‍ ഒരു ബി.ജെ.പി എംപിയായിരിക്കും,’ഒബ്രിയാന്‍ പറഞ്ഞു.
ഒരു പ്രതിപക്ഷ എം.പി പ്രധാനപ്പെട്ട ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമ്പോഴെല്ലാം, കമ്മിറ്റിയില്‍ ഭേദഗതികള്‍ പരാജയപ്പെടുത്തുന്നുവെന്നും ഭരണകക്ഷി തങ്ങളുടെ ഭൂരിപക്ഷം ഇതിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Bill to remove Prime Minister and Chief Ministers: Trinamool Congress says it will not nominate JPC members