| Saturday, 21st November 2026, 10:34 pm

എന്റെ ജീവിതത്തില്‍ ഇരുട്ട് പരത്തിയവര്‍ ഇപ്പോള്‍ രാജ്യത്തെ ആകെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നു: ബില്‍ക്കിസ് ബാനു

റെന്വര്‍ പി

കൊച്ചി: തന്റെ ജീവിതത്തില്‍ ഇരുട്ട് പരത്തിയവര്‍ ഇപ്പോള്‍ രാജ്യത്തെ ആകെ ഇരുട്ടിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് 2002-ലെ ഗുജറാത്ത് കലാപത്തെ അതിജീവിച്ച ബില്‍ക്കിസ് ബാനു. താനും തന്റെ കുടുംബവും അനുഭവിച്ച ക്രൂരതകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

ആ ദുരന്തത്തിന് ഉത്തരവാദികളായവര്‍ ഇന്നും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ബില്‍ക്കിസ് ബാനു പറഞ്ഞു. ഗുജറാത്തില്‍ തങ്ങള്‍ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകള്‍ ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നു. നീതി തേടി രാജ്യത്തുടനീളം അലയാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതവണ തങ്ങള്‍ക്ക് വീട് മാറേണ്ടി വന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, അക്രമികള്‍ക്കൊപ്പം നിന്നത് ഗുണ്ടകളും കുറ്റവാളികളുമായിരുന്നു. എന്നാല്‍ ഇന്ന് പോലീസും ഉദ്യോഗസ്ഥരും ഭരണകൂടവും ഒത്തുചേര്‍ന്ന് അവരുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുകയാണെന്നും അവര്‍ പറഞ്ഞു.

തന്റെ കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ സുപ്രീം കോടതി അടുത്തിടെ മരവിപ്പിച്ചത് വലിയ ഞെട്ടലുണ്ടാക്കിയെന്നും ബില്‍ക്കിസ് ബാനു പറഞ്ഞു. തന്റെ അവസാന പ്രതീക്ഷയായിരുന്ന നീതിന്യായ വ്യവസ്ഥയില്‍ നിന്നുപോലും നിരാശ നേരിടേണ്ടി വന്നത് ഏറെ വേദനാജനകമാണെന്ന് അവര്‍ വ്യക്തമാക്കി.

‘എങ്കിലും, ഈ ഇരുണ്ട കാലഘട്ടത്തിലും ഞാന്‍ കേരളത്തിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നത്. കേരളത്തിലെത്തിയ ശേഷം തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും വലിയ സന്തോഷമാണ് നല്‍കിയത്.

എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ദുസ്വപ്നമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരോടും പ്രതികാരം ചെയ്യണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് വേണ്ടത് പ്രതികാരമല്ല, മറിച്ച് നീതിയാണ്,’ അവര്‍ പറഞ്ഞു. നീതിക്കായുള്ള തന്റെ പോരാട്ടത്തില്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ താത്കാലികമായി നിര്‍ത്തിവെച്ച് സുപ്രീം കോടതി രണ്ട് പ്രതികള്‍ക്ക് ഈ മാസം 16ന് ജാമ്യം അനുവദിച്ചിരുന്നു.

ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടുപേരും 17 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകളില്‍ നിയമപരമായും വസ്തുതാപരമായും തീര്‍പ്പാക്കേണ്ടതുണ്ടെന്നും അതില്‍ ഒരാള്‍ക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി അവകാശപ്പെട്ടിരുന്നു.

Content Highlight: Bilkis Bano says those who ruined her life now threaten to plunge India into darkness

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more