| Monday, 16th November 2026, 4:35 pm

ബിൽക്കീസ് ബാനു കേസ്; ശിക്ഷ താത്കാലികമായി നിർത്തിവെച്ച് സുപ്രീം കോടതി; രണ്ട് പ്രതികൾക്ക് ജാമ്യം

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ബിൽക്കീസ് ബാനു കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ താത്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി. രണ്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടുപേരും 17 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകൾ നിയമപരമായും വസ്തുതാപരമായും തീർപ്പാക്കേണ്ടതുണ്ടെന്നും അതിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചു.

ഇരുവരും 17 വർഷത്തിലേറെയായി ജയിലിലാണെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര പറഞ്ഞു. കുറ്റവാളികളിൽ ഒരാളുടെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും 2002 ലെ കലാപത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹത്തെ പ്രതിചേർത്തതെന്നും അദ്ദേഹം വാദിച്ചു.

അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ ഈ ഹർജിയെ എതിർത്തു. ചെയ്തകുറ്റകൃത്യം വളരെ ഗുരുതരമാണെന്നും അതിനാൽ ഹൈക്കോടതിയും വിചാരണ കോടതിയും തെളിവുകൾ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024ൽ സുപ്രീം കോടതി ഇളവ് റദ്ദാക്കിയ 11 പേരിൽ ജാമ്യം ലഭിച്ച രണ്ട് പ്രതികളും ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 143, 147, 302, 376 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

Content Highlight: Bilkis Bano case: Supreme Court temporarily stays sentences; grants bail to two convicts.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more