റിലീസാകുമോ ഇല്ലയോ എന്ന് ആരാധകര്‍ക്കും സംവിധായകനും യാതൊരു ഉറപ്പുമില്ലാത്ത ചിത്രമാണ് ബിലാലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വെറുമൊരു പോസ്റ്റര്‍ മാത്രം പുറത്തുവിട്ട് എട്ട് വര്‍ഷമായി പ്രേക്ഷകരെ കാത്തിരിപ്പിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ചിത്രത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അമല്‍ നീരദ് ഒഴിഞ്ഞുമാറലാണ് പതിവ്.
2017 നവംബര്‍ 17നാണ് അമല്‍ നീരദ് ബിലാലിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘കമിങ് സൂണ്‍. ബ്ലഡീ സൂണ്‍’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച പോസ്റ്റ് ഇന്നും വൈറലാണ്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് അനൗണ്‍സ്‌മെന്റിന്റെ വാര്‍ഷികം ആഘോഷിക്കുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. ‘മലയാള സിനിമ കണ്ട ഏറ്റവു വലിയ തട്ടിപ്പ്’ എന്നായിരുന്നു കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍.
എന്നാല്‍ ബിലാലിനെപ്പോലെ അനൗണ്‍സ്‌മെന്റിന് ശേഷം യാതൊരു വിവരവുമില്ലാതായിപ്പോയ മറ്റൊരു സിനിമയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത അയ്യപ്പന്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞദിവസം സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു.
‘നവംബര്‍ 17ന് അനൗണ്‍സ് ചെയ്ത പടങ്ങളില്‍ ഏതെങ്കിലും റിലീസായിട്ടുണ്ടോ’ എന്നാണ് പ്രധാന ചോദ്യം. ബിലാലിനെ ട്രോളുന്നതിനിടയില്‍ നൈസായി അയ്യപ്പന്‍ മുങ്ങുകയാണെന്നും എന്നാല്‍ ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെന്നും പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 2018ലാണ് അയ്യപ്പന്‍ അനൗണ്‍സ് ചെയ്തത്.
മലയാളസിനിമയിലെ ഔദ്യോഗിക പറ്റിക്കല്‍ ദിനമായി നവംബര്‍ 17നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ബിലാലും അയ്യപ്പനും ഇനി ഒരിക്കലും നടക്കില്ല എന്ന യാഥാര്‍ത്ഥ്യം എല്ലാവരും അംഗീകരിക്കണമെന്നും ചില പോസ്റ്റുകളില്‍ കുറിക്കുന്നുണ്ട്. ഇത്രയും കാലത്തിന് ശേഷം ഇനി ഈ രണ്ട് സിനിമകളും വന്നാല്‍ സ്വീകാര്യത ലഭിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ബിലാല്‍ അനൗണ്‍സ് ചെയ്ത സമയത്ത് സിംഗിളായിരുന്നവര്‍ക്ക് ഇപ്പോള്‍ മക്കളുണ്ടായെന്നും പേരിനോട് 100 ശതമാനം നീതി പുലര്‍ത്തിയ ചിത്രമാണെന്നും ബിലാലിനെ കളിയാക്കിക്കൊണ്ട് ട്രോളുകളുണ്ട്. 2020ല്‍ കാസ്റ്റും ലൊക്കേഷനുമെല്ലാം ശരിയായി വന്നപ്പോഴാണ് കോവിഡ് ലോക്ക്ഡൗണ്‍ വന്നതെന്നും അതിനാലാണ് ബിലാല്‍ മുടങ്ങിയതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Content Highlight: Bilal movie announcement viral in 8th anniversary