| Thursday, 31st July 2025, 4:46 pm

രാജ്യസ്‌നേഹം മാത്രം കാണിച്ചാല്‍ ആളുകള്‍ കയറില്ലെന്ന് തോന്നുന്നു, വാര്‍ 2വിലും തുടരുന്ന ബികിനി പ്രഹസനം

അമര്‍നാഥ് എം.

ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ രാജ്യസ്‌നേഹ സിനിമകള്‍ നിര്‍മിക്കുന്നത് തങ്ങളാണെന്ന് സ്വയം ധരിച്ച് വെച്ചിരിക്കുന്ന ആളുകളാണ് ബോളിവുഡ്. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡെന്ന മിഥ്യാധാരണയില്‍ നിന്ന് ഇന്ന് തെലുങ്ക്, തമിഴ്, മലയാളം ഇന്‍ഡസ്ട്രികളുടെ താഴെ സ്ഥാനം പിടിക്കേണ്ടി വന്ന ഗതികേടിലാണ് ബോളിവുഡ്.

സ്വന്തം ഇന്‍ഡസ്ട്രിയില്‍ പേരുകേട്ട വമ്പന്‍ താരങ്ങള്‍ ഉണ്ടായിട്ടും തെലുങ്ക് ചിത്രമായ പുഷ്പ 2വാണ് ഇപ്പോള്‍ ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റ്. പോരാത്തതിന് സൗത്തില്‍ ഹിറ്റാകുന്ന സിനിമകള്‍ റീമേക്ക് ചെയ്തും, രാജ്യസ്‌നേഹ സിനിമയെന്ന പേരില്‍ ബിഗ് ബജറ്റ് പടക്ക സിനിമകള്‍ നിര്‍മിച്ചും കാലം കഴിക്കുകയാണ് ബോളിവുഡ്.

ഇന്‍ഡസ്ട്രിയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ യഷ് രാജ് ഫിലിംസ് തുടങ്ങിവെച്ച സ്‌പൈ യൂണിവേഴ്‌സ് സിനിമകള്‍ ഇന്‍ഡസ്ട്രിയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ 1000 കോടി നേടിയപ്പോള്‍ ലോഡ് കണക്കിന് പ്രൊജക്ടുകള്‍ യഷ് രാജ് അനൗണ്‍സ് ചെയ്തു. എന്നാല്‍ പിന്നാലെയെത്തിയ സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 ശരാശരിയിലൊതുങ്ങി.

മുന്‍ ചിത്രങ്ങളുടെ അതേ കഥ തിരിച്ചും മറിച്ചുമാണ് യഷ് രാജ് എല്ലാ സ്‌പൈ സിനിമകളും ഒരുക്കുന്നത്. എന്തിനേറെ പോസ്റ്ററുകള്‍ പോലും മുന്‍ ചിത്രത്തിന്റെ അതേ ഡിസൈന്‍ തന്നെ പിന്തുടര്‍ന്ന് ഒരുക്കുന്ന പുതുമയൊന്നുമില്ലാത്ത യൂണിവേഴ്‌സാണ് ഇത്. ഇനി പുറത്തിറങ്ങാനുള്ള വാര്‍ 2വിലും ഇത് തന്നെയാണ് അവസ്ഥ.

കഥയും ഫോര്‍മാറ്റും പഴയതായതുകൊണ്ട് ആളെക്കയറ്റാന്‍ വേണ്ടി യഷ് രാജ് ചെയ്യുന്ന സ്ഥിരം പരിപാടിയാണ് നായികയുടെ മേനി പ്രദര്‍ശനം. പത്താനില്‍ ദീപിക പദുകോണിന്റെ ബികിനി സീനായിരുന്നെങ്കില്‍ ടൈഗര്‍ 3യില്‍ കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റായിരുന്നു. ഇനി പുറത്തിറങ്ങാനുള്ള വാര്‍ 2വില്‍ കിയാര അദ്വാനിയെയാണ് യഷ് രാജ് ബികിനിയില്‍ കാണിക്കുന്നത്.

ചിത്രത്തിന്റെ ടീസറില്‍ ആര്‍മി യൂണിഫോമില്‍ നില്‍ക്കുകയും ആക്ഷന്‍ സീനും ചെയ്യുന്ന കിയാരയെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നായികയുടെ മേനിയഴക് കാണിച്ച് ആളെക്കൂട്ടുന്ന ഇത്തരം ‘രാജ്യസ്‌നേഹ’ സിനിമകള്‍ നിര്‍മിക്കുന്നത് ബോളിവുഡ് എന്ന് നിര്‍ത്തുമെന്നാണ് ചോദിക്കാന്‍ തോന്നുന്നത്.

ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരാണ് വാര്‍ 2വിലെ പ്രധാന താരങ്ങള്‍. സ്‌പൈ യൂണിവേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമാണ് ഹൃതികിന്റെ കബീര്‍. ഇന്ത്യയുടെ രഹസ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മുന്‍ ചാരനായ കബീറിനെ പിടിക്കാന്‍ വേണ്ടി ഇറങ്ങുന്ന മറ്റൊരു ചാരനായാണ് ജൂനിയര്‍ എന്‍.ടി.ആര്‍ വേഷമിടുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Bikini scene of heroines in Bollywood patriotism movies

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more