| Tuesday, 10th March 2020, 6:21 pm

യെച്ചൂരിയ്ക്ക് പകരം ഈ നേതാവിനെ രാജ്യസഭയിലേക്കെത്തിക്കാന്‍ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റേയും പൊതുസമ്മതനായ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ മത്സരിച്ചേക്കും. മുന്‍ കൊല്‍ത്തക്ക മേയറാണ് ബികാഷ്.

ബികാഷിന്റെ പേര് സജീവമായി നില്‍ക്കുന്നുണ്ടെന്നും അന്തിമ തീരുമാനം സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റേതായിരിക്കുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ബികാഷ് പരാജയപ്പെട്ടിരുന്നു. ബംഗാള്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് ബികാഷ്.

ബികാഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസും സ്വാഗതം ചെയ്തിട്ടുണ്ട്.

ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ

‘കോണ്‍ഗ്രസിന്റേയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെ ബികാഷ് രാജ്യസഭയിലെത്തുന്നതിനോട് ഞങ്ങള്‍ക്ക് വിയോജിപ്പൊന്നുമില്ല. ഞങ്ങള്‍ക്ക് ഒരുമിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും പോരട്ടം തുടരണം എന്ന് മാത്രമെ ഉള്ളൂ’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നേരത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സീറ്റ് നല്‍കണമെന്ന് ബംഗാള്‍ പാര്‍ട്ടി ഘടകം ആവശ്യപ്പെട്ടിരുന്നെങ്കിലും പൊളിറ്റ്ബ്യൂറോ അനുവദിച്ചിരുന്നില്ല. യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് 2017 ലും തയ്യാറായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2005 നും 2017 നുമിടയില്‍ രണ്ട് തവണ യെച്ചൂരി രാജ്യസഭാ എം.പിയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും സി.പി.ഐ.എം തയ്യാറായിരുന്നില്ല.

മാര്‍ച്ച് 26 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ബംഗാള്‍ നിയമസഭയില്‍ 5 സീറ്റാണുള്ളത്. നാലെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിനും ഒരെണ്ണം ഇടതുപാര്‍ട്ടികള്‍ക്കും. എന്നാല്‍ ഈ സീറ്റിനെ പ്രതിനീധികരിച്ചിരുന്ന ഋതബൃതാ ബന്ധോപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബംഗാള്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 28 എം.എല്‍.എമാരാണുള്ളത്. രാജ്യസഭാ സീറ്റില്‍ ജയിക്കണമെങ്കില്‍ 46 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും കൂടി 52 എം.എല്‍.എമാരാണുള്ളത്.

നിലവില്‍ സി.പി.ഐ.എമ്മിന് ലോക്സഭയിലോ രാജ്യസഭയിലോ ബംഗാള്‍ പ്രതിനിധികളില്ല. 1964 ലെ പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടിയ്ക്ക് ബംഗാളിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ അംഗമില്ലാതിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more