മിമിക്രി വേദികളിലൂടെ തന്റെ കഴിവ് തെളിയിച്ച് മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം നേടിയ താരമാണ് ബിജുക്കുട്ടൻ. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ അദ്ദേഹത്തിന്റെ സിനിമാ യാത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് താരം എത്തിയത്.
ബിജുക്കുട്ടൻ, Photo: YouTube/ Screengrab
മമ്മൂട്ടി നായകനായ പോത്തൻ വാവാ എന്ന ചിത്രത്തിലൂടെയാണ് ബിജുക്കുട്ടൻ കൂടുതൽ ശ്രദ്ധ നേടിയത്. അതിന് പിന്നാലെ നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, തന്റെ ജീവിതത്തിലെ പോരാട്ടങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്.
താൻ പലരോടും ചാൻസ് ചോദിച്ചിട്ടുണ്ടെന്നും പലപ്പോഴും അവഗണന നേരിട്ടിട്ടുണ്ടെന്നും ബിജുക്കുട്ടൻ വെളിപ്പെടുത്തുന്നു. വൺ ടു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
‘എന്റെ വീട്ടിൽ അച്ഛൻ കൂലി പണിക്കാരൻ ആണെങ്കിലും ഭക്ഷണം കഴിക്കാത്ത സങ്കടമോ അങ്ങനെയൊന്നുമില്ലായിരുന്നു. സങ്കടം എന്ന് പറഞ്ഞാൽ ആദ്യം മിമിക്രിയിൽ വരുമ്പോൾ വലിയ ട്രൂപ്പിൽ കയറണം എന്നായിരുന്നു. അങ്ങനെ കുറെ നാൾ ഒന്നും ഇല്ലാതെയിരുന്നു.
പിന്നെ നമുക്ക് അറിയാം കളിച്ച് കാണിച്ചിട്ടേ രക്ഷയുള്ളൂ എന്ന്. ഞാൻ നേരിട്ട് ചെന്ന് എനിക്ക് ഒരു ചാൻസ് വേണം എന്ന് പറഞ്ഞാൽ മിമിക്രിയിലും തരില്ല, സിനിമയിലും തരില്ല, സീരിയലിലും തരില്ല അത് അങ്ങനെയാണ്, ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.
നേരത്തെയൊക്കെ ഇന്റർവ്യൂയിൽ പോകുമ്പോൾ എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കുക എന്ന് പറഞ്ഞാൽ എന്നെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. ആ കഥാപാത്രം ചെയ്യാൻ ഇന്ന ആളുണ്ടല്ലോ, അതുകൊണ്ടാണ് പിന്നെ ശരിയാക്കാം എന്നൊക്കെ പറയും.
പിന്നെ എനിക്ക് തോന്നി നമ്മൾ ചെയ്ത് കാണിച്ചിട്ടേ കാര്യമുള്ളൂ. ഇന്നത്തെപോലെ വാട്സ് ആപ്പ് ഒന്നും ഇല്ലല്ലോ. ഒരു ജുബ്ബയും ഇട്ട് ബസ് സ്റ്റാൻഡിൽ പോയി നിൽക്കും. ഏത് മിമിക്രിക്കാരൻ വന്നാലും അയാളുടെ കൂടെ പോകും.
ടിനിയൊക്കെ പറയുമായിരുന്നു ഗുരുവായൂർ വഴി പോകണ്ട, അവിടെ ബിജുക്കുട്ടൻ ഉണ്ടാകുമെന്ന്. അത്രയും ശല്യമായിരുന്നു ഞാൻ ചാൻസ് ചോദിച്ച്,’ ബിജുക്കുട്ടൻ പറഞ്ഞു.
മിമിക്രി മാത്രം പോരാ, സിനിമയും വേണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മമ്മൂക്ക പൊത്തൻ വാവായിലേക്ക് വിളിച്ചതെന്ന് താരം പറഞ്ഞു. ഇന്നും താൻ അറിയപ്പെടുന്നത് മമ്മൂട്ടിയുടെ സിനിമയിലൂടെയും മോഹൻലാലിന്റെ സിനിമയിലൂടെയാണെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂക്കയും ജോഷി സാറും ബെന്നിച്ചേട്ടനും കഴിഞ്ഞേ തനിക്ക് മറ്റാരുമുള്ളൂ എന്നും ബിജുക്കുട്ടൻ പറഞ്ഞു.
Content Highlight: Bijukuttan talks about the hardships he faced in getting into cinema