മിമിക്രിയിലൂടെയും മറ്റും സിനിമയിലെത്തി പതിറ്റാണ്ടുകളോളം ഹാസ്യതാരാമായി വേഷമിട്ട് പിന്നീട് സീരിയസ് റോളിലേക്ക് ട്രാക്ക് മാറ്റിയ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഒട്ടനവധിയുണ്ട്. ഇവരില്‍ പ്രധാനികളാണ് സലീം കുമാര്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍. മലയാളി പ്രേക്ഷകരില്‍ ഇവരുടെ പുതിയ ഭാവമാറ്റം ഞെട്ടലുളവാക്കിയതിനോടൊപ്പം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയാണ് താരങ്ങള്‍ പുതിയ മേഖലയിലേക്കുള്ള വരവറിയിച്ചത്. ഹാസ്യവേഷങ്ങളില്‍ നിന്നും ട്രാക്ക് മാറ്റിയ ഇവര്‍ക്ക് പിന്നാലെയെത്തുന്ന പുതിയ എന്‍ട്രിയാണ് ബിജുക്കുട്ടന്‍.
ബിജുക്കുട്ടന്‍. Photo: Screen Grab/ Mile stone Makers/ Youtube.com
വിപിന്‍ ദാസ് സംവിധാനം ചെയ്ത വാഴ 2വില്‍ വിനായകന്റെ അച്ഛനായാണ് ബിജുക്കുട്ടന്‍ വേഷമിട്ടത്. ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരെയാകെ പിടിച്ചുകുലുക്കുന്ന തരത്തില്‍ ഹൃദയഹാരിയായ പ്രകടനമാണ് താരം ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. നൂറുകോടിയും പിന്നിട്ട് കുതിക്കുന്ന വാഴ 2വിലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രവും ബിജുക്കുട്ടന്റേത് തന്നെ. മലയാളത്തിലെ മറ്റ് ഹാസ്യതാരങ്ങളെല്ലാം സീരിയസ് വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റിയപ്പോള്‍ തനിക്കും അത്തരത്തിലൊരു ആഗ്രഹം മനസില്‍ ഉണ്ടായിരുന്നുവെന്ന് ബിജുക്കുട്ടന്‍ പറഞ്ഞിരുന്നു.
സുരാജ്, ഇന്ദ്രന്‍സ്, സലിം കുമാര്‍ തുടങ്ങിയവരുടെ മാറ്റം താന്‍ നേരിട്ട് കണ്ടതാണെന്നും കരിയറിന്റെ ആരംഭത്തില്‍ ഒരുപാട് തന്നെ സഹായിച്ച അഭിനേതാവാണ് സലീം കുമാറെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇവരുടെയെല്ലാവരുടെയും മാറ്റം കാണുമ്പോഴും അത്രക്ക് ഹൈപ്പിലല്ലെങ്കിലും ചെറിയൊരു മാറ്റം തനിക്കും വേണമെന്ന് മനസില്‍ ചെറുതായി ആഗ്രഹിച്ചിരുന്നുവെന്നും ബിജുക്കുട്ടന്‍ തുറന്നുപറയുന്നു.
ഇത് താന്‍ മാത്രമല്ല കോമഡി ചെയ്യുന്നവരെല്ലാവരും ആഗ്രഹിക്കുന്നതാണെന്നും പക്ഷേ സാവകാശത്തില്‍ മാത്രമേ നടക്കുകയുള്ളൂ എന്ന് അറിയാമായിരുന്നുവെന്നും ആരോടും പിറകെ നടന്ന് ചോദിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു അവസരം കിട്ടിയപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിലും ഒരുപാട് പ്രേക്ഷകര്‍ അത് ഏറ്റെടുത്തെന്നും അതിന് തന്നെ സ്‌നേഹിക്കുന്നവരോടും വിപിന്‍ ദാസിനോടും സംവിധായകനോടും നന്ദി പറയുന്നുവെന്നും താരം മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ദ്രന്‍സ്. Photo: Hindustan Times
പേരറിയാത്തവരിലൂടെ സുരാജ് മികച്ച നടനുള്ള 2014 ലെ ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സലീം കുമാര്‍ സ്വന്തമാക്കിയത്. 2023 ല്‍ ഹോം എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിന് ദേശീയ പുരസ്‌കാര സമിതിയുടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി ഇന്ദ്രന്‍സും കളം നിറഞ്ഞിരുന്നു.
Content Highlight: Bijukuttan talks about his shift to serious character from comedy roles following suraj, Indrans, Salim Kumar