| Tuesday, 7th April 2026, 7:13 pm

അടുപ്പിച്ചിട്ട് കഴിഞ്ഞാല്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞവര്‍ തന്നെ തെറി വിളിക്കും; ഡാന്‍സ് വീഡിയോകളെക്കുറിച്ച് ബിജുക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടം നേടിയ താരമാണ് ബിജുക്കുട്ടന്‍. കോമഡി ക്യരക്ടേഴ്‌സില്‍ നിന്നും മാറി അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും ഞെട്ടിച്ച ബിജുക്കുട്ടന്‍ തന്റെ കഴിവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് വാഴ 2 എന്ന ചിത്രത്തില്‍. തിയേറ്ററില്‍ എണ്‍പത് കോടിയോളം നേടി മുന്നേറുന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ കൈയടിയാണ് താരത്തിന് ലഭിക്കുന്നത്.

വാഴ 2.

സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളില്‍ ബിജുക്കുട്ടന്‍ പോസ്റ്റ് ചെയ്യാറുള്ള ഡാന്‍സ് വീഡിയോകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. തന്റെ മകള്‍ക്കൊപ്പമാണ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകള്‍ കാഴ്ച്ചവെച്ച് കൊണ്ട് താരം വീഡിയോ ക്രിയേറ്റ് ചെയ്യാറുള്ളത്. സിനിമാ മേഖലയിലെ പല പ്രമുഖരും താരത്തിനെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്താറുമുണ്ട്.

ഇത്തരത്തില്‍ വീഡിയോ കണ്ട് നടന്‍ ചെമ്പന്‍ വിനോദ് തന്നെ ഫോണില്‍ വിളിച്ചപ്പോഴുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് ബിജുക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘നിലവില്‍ പ്രധാനപ്പെട്ട വരുമാനമെന്ന് പറയുന്നത് ചാനലുകളിലെ പരിപാടിയാണ്. സിനിമകള്‍ ഇപ്പോള്‍ വളരെ കുറവാണ്. സോഷ്യല്‍ മീഡിയയിലെ കണ്ടെന്റുകള്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല. ഒരു എന്റര്‍ടെയിന്‍മെന്റായി മാത്രം ചെയ്യുന്നതാണ്. ആളുകള്‍ അതെല്ലാം ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരു രസമാണ്. ചെമ്പന്‍ വിനോദ് ചേട്ടന്‍ അടക്കമുള്ള പല ആളുകളും എന്നോട് എന്താണ് വീഡിയോസ് ചെയ്യാന്‍ ഇത്ര വൈകുന്നതെന്ന് ചോദിക്കാറുണ്ട്.

ഒരു രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ വീഡിയോസ് ഇട്ടൂടേ എന്നാണ് അവരെല്ലാവരും ചോദിക്കുന്നത്. പക്ഷേ ഒരാഴ്ച്ചയില്‍ മൂന്നും നാലും തവണ വീഡിയോസ് ഇട്ടാല്‍ ഈ പറയുന്ന ചേട്ടന്‍ തന്നെ എന്നെ വിളിച്ച് തെറി പറയും എന്നാണ് ഞാന്‍ പറഞ്ഞത്. അതെല്ലാം മകള്‍ക്കും കൂടി സമയം കിട്ടുമ്പോള്‍ ചെയ്യുന്നതാണ്. അല്ലാതെ ഇത്ര സമയം കഴിയുമ്പോള്‍ ഒരെണ്ണം പോസ്റ്റ് ചെയ്യണം എന്നൊന്നും ഇല്ല,’ ബിജുക്കുട്ടന്‍ പറയുന്നു.

ബിജുക്കുട്ടന്‍ വാഴയില്‍. Photo: X.com

തനിക്ക് അതില്‍ നിന്ന് വരുമാനമൊന്നും കിട്ടാന്‍ പോകുന്നില്ലെന്നും അത് വേണ്ടെന്നും താരം പറഞ്ഞു. എപ്പോഴും അതൊരു സന്തോഷമാണെന്നും പങ്കാളി ക്യാമറ നോക്കുമ്പോള്‍ ഞാനും മകളും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതെല്ലാം തന്റെ സന്തോഷമാണെന്നും ബിജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BijuKuttan talks about his Instagram reels and dance videos

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more