| Tuesday, 7th April 2026, 10:26 pm

ഫാമിലി വിട്ടൊരു കളിയുമില്ല, അന്ന് മൊത്തം സ്‌കിറ്റ് കളിച്ചാലും 250 രൂപയാണ് തന്നിരുന്നത്; ബിജുക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ താരം സലിം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വഴിയെ പതിയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലെത്തിയ വാഴ 2വില്‍ ബിജുക്കുട്ടന്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ബിജുക്കുട്ടന്‍. Photo: Facebook.com/ Biju Kuttan

ചിത്രം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ എണ്‍പത് കോടി നേടുകയും സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമാകുകയും ചെയ്തതോടെ ബിജുക്കുട്ടന്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുടുംബത്തെക്കുറിച്ചും സിനിമയിലെത്തുന്നതിന് മുമ്പ് നേരിട്ട പ്രതിസന്ധികളെ കുറിച്ചുമാണ് അഭിമുഖത്തില്‍ താരം സംസാരിച്ചത്.

‘എന്നെ സംബന്ധിച്ച് ഫാമിലി വളരെയധികം പ്രധാനപ്പെട്ടതാണ് അത് വിട്ട് ഒരു കളിയും ഇല്ല. എറണാകുളത്തും തൃശ്ശൂര്‍ ഭാഗത്തുമെല്ലാമാണ് ഷൂട്ടെങ്കില്‍ ഞാന്‍ ദിവസവും വീട്ടില്‍ വരും. വീട്ടില്‍ വന്നതിന് ശേഷം ഭക്ഷണമെല്ലാം കഴിച്ച് രാവിലെയെ പോകാറുള്ളൂ. അകലെയാണ് ഷൂട്ടെങ്കില്‍ മാത്രമേ വരാതിരിക്കുള്ളൂ. വീട്ടില്‍ വന്ന് അവിടുത്തെ പരിപ്പ് കറിയും ചോറുമെല്ലാം കഴിച്ച് രണ്ട് തമാശയെല്ലാം പറഞ്ഞ് എഴുന്നേറ്റ് പോകുന്ന സുഖം വേറെ എവിടെയും കിട്ടില്ല.

250 രൂപക്ക് മിമിക്രി കളിക്കുന്ന സമയത്താണ് ഞാന്‍ വിവാഹം കഴിക്കുന്നത്. അന്ന് 500 രൂപ വാങ്ങിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. ഞാനായിരുന്നു മുഴുവന്‍ സ്‌കിറ്റും കളിക്കുന്നതെങ്കിലും 250 രൂപയേ തരികയുള്ളൂ. ഒരു അമ്പത് രൂപയും കൂടി അധികം ചോദിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ വേറെ ആളെ നോക്കേണ്ടി വരുമെന്നാണ് മറുപടി കിട്ടുക. വേണ്ട, വേണ്ട ഞാന്‍ ഈ പൈസയ്ക്ക് തന്നെ നിന്നോളാം എന്നാണ് ഞാന്‍ പറയുക. കാരണം അതില്‍ പിടിച്ചുവേണം നമുക്ക് സിനിമയിലേക്കോ മറ്റോ പിടിച്ചുകയറാന്‍,’ബിജുക്കുട്ടന്‍ പറഞ്ഞു.

ബിജുക്കുട്ടന്‍. Photo: Facebook.com/ Biju Kuttan

വാഴ 2വില്‍ റീല്‍സുകളിലൂടെ ശ്രദ്ധേയനായ വിനായകിന്റെ അച്ഛനായാണ് ബിജുക്കുട്ടന്‍ വേഷമിട്ടത്. ചിത്രത്തിലെ ഇമോഷണലായ സീനുകളിലെ ബിജുക്കുട്ടന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. വാഴ 2വില്‍ അജിന്‍, ഹാഷിര്‍, അലന്‍, അല്‍ഫോണ്‍സ് പുത്രന്‍, സുധീഷ്, ദേവരാജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Bijukuttan talks about His family and early career

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more