| Wednesday, 29th April 2026, 5:32 pm

മമ്മൂക്ക എന്നെ അടിച്ച് പറയിപ്പിച്ചതാണ് പോത്തന്‍ വാവയിലെ ആ ഡയലോഗ്: ബിജുക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ താരം സലിം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും വഴിയെ പതിയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വില്‍ ബിജുക്കുട്ടന്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

വിനായകനും ബിജുക്കുട്ടനും. Photo: Onmanorma

ചിത്രത്തില്‍ വിനായകന്റെ അച്ഛനായിട്ടായിരുന്നു ബിജുക്കുട്ടന്‍ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളിലെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് കൈമാറാന്‍ സാധിച്ചതോടെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ബിജുക്കുട്ടന്‍ വഹിച്ചിരിക്കുന്നത്. വാഴ 2വുമായി ബന്ധപ്പെട്ട് ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പോത്തന്‍ വാവ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജുക്കുട്ടന്‍. ചിത്രത്തില്‍ ഒരു ഡയലോഗ് തനിക്ക് പറയാന്‍ സാധിക്കാതെ വന്നപ്പോള്‍ മമ്മൂട്ടി ഇടപെട്ടതിനെ കുറിച്ചാണ് ബിജുക്കുട്ടന്‍ സംസാരിച്ചത്.

‘ചില സ്ഥലങ്ങളില്‍ നമ്മള്‍ ഉളുക്കി കഴിഞ്ഞാല്‍ അത് അവിടെ തന്നെ വന്ന് ഉളുക്കും. പോത്തന്‍വാവയില്‍ മമ്മൂക്ക മാമോദിസ മുക്കുന്നതിനെക്കുറിച്ച് പറയുമ്പോള്‍ തിരിച്ച് ഞാന്‍ ഒരു ഡയലോഗ് പറയണം. മാമോദിസ മുക്കുന്ന കാര്യമൊന്നും എനിക്ക് അറിയാന്‍ പാടില്ല എന്റെ അച്ഛന്‍ ചിട്ടിക്കമ്പനി നടത്തിയിട്ട് മുങ്ങിയ കാര്യം എനിക്ക് അറിയാമെന്നാണ് ഞാന്‍ പറയേണ്ടത്.

അതില്‍ മാമോദിസയുടെ ഭാഗം എനിക്ക് കിട്ടുന്നില്ല. അവിടെയെത്തുമ്പോള്‍ എന്റെ കൈയില്‍ നിന്നും പോകും. ആ ഭാഗത്ത് ഒരു മൂന്ന് നാല് പ്രാവിശ്യം ഉളുക്കി. അന്ന് ഫിലിമിലാണല്ലോ ഷൂട്ട് ചെയ്യുന്നത്. മമ്മൂക്ക ഇപ്പം ശരിയാക്കി തരാമെന്ന് പറഞ്ഞ് ഒരു ഈര്‍ക്കിലി എടുത്തു. എന്നിട്ട് നീ പറഞ്ഞോടാ എന്ന് പറഞ്ഞു. പിന്നെ പറഞ്ഞപ്പോള്‍ കറക്ടായിരുന്നു. ആ സീനില്‍ നോക്കിയാല്‍ ഇപ്പോഴും മമ്മൂക്കയുടെ കൈയില്‍ ഇാര്‍ക്കില്‍ കാണാന്‍ സാധിക്കും. അത് എന്നെ അടിക്കാന്‍ വേണ്ടി എടുത്തതായിരുന്നു,’ ബിജുക്കുട്ടന്‍ പറയുന്നു.

പോത്തന്‍ വാവ. Photo: IMDB

മമ്മൂട്ടിയെയും ഉഷാ ഉതുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പോത്തന്‍ വാവ. ഗായികയായ ഉഷാ ഉതുപ്പ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ നെടുമുടി വേണു, ഗോപിക, ബിജുക്കുട്ടന്‍, രാജന്‍.പി.ദേവ്, സംവൃത സുനില്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Bijukuttan talks about his experience with mammootty in pothan vava set

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more