കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്ക് എന്നും പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം അടുത്തിടെ പുറത്തിറങ്ങിയ വാഴ 2വിലെ കഥാപാത്രത്തിലൂടെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴച്ചവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ റീക്രിയേറ്റ് ചെയ്തതടക്കം പ്രേക്ഷകരെ ഇമോഷണലാക്കിയ പല സീനുകളിലും ബിജുക്കുട്ടന്‍ അസാധ്യ പ്രകടനമായിരുന്നു നടത്തിയത്.
ബിജുക്കുട്ടന്‍ വാഴയില്‍. Photo: X.com
ചിത്രവുമായി ബന്ധപ്പെട്ട് ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള സംവിധായകരുടെ സിനിമകളെകുറിച്ചും മറ്റ് ചിത്രങ്ങളില്‍ അവസരം ചോദിക്കുന്നതിനെക്കുറിച്ചും ബിജുക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാനെപ്പോഴും അവസരം ചോദിക്കുന്ന രണ്ട് മൂന്ന് സംവിധായകരില്‍ പെട്ടവരാണ് ബേസില്‍ ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, എ.ആര്‍.എം ചെയ്ത ജിതിന്‍ തുടങ്ങിയവര്‍. ബേസിലിന്റെ എല്ലാ പടത്തിലും ഞാനുണ്ട്. മിഥുന്റെ എല്ലാ പടത്തിലുമില്ലെങ്കിലും നല്ല റോള്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കുമെന്ന് അറിയാം. സംസാരിക്കുമ്പോള്‍ അടുത്ത പടത്തില്‍ ഞാനുമുണ്ടാകും എന്നെയും ചേര്‍ക്കണം എന്ന് എപ്പോഴും പറയാറുള്ളത് ഇവരുടെയടുത്താണ്.
ഗോദയില്‍ ഞാന്‍ കൊണ്ട് വന്ന് ഫോട്ടോ ഒട്ടിക്കുകയായിരുന്നു. അതിന്റെ കാസ്റ്റിങ് ബോര്‍ഡില്‍ നായകന്‍ ടൊവിനോ, നായിക, അങ്ങനെ തുടങ്ങി എല്ലാവരുടെയും ഫോട്ടോയുണ്ട്. എന്റെ ഫോട്ടോ മാത്രം കണ്ടില്ല. നോക്കുമ്പോള്‍ അതില്‍ കുറച്ച് സ്‌പെയിസ് കാണാനുണ്ടായിരുന്നു. പഴ്‌സില്‍ നിന്നൊരു ഫോട്ടോയെടുത്ത് കിച്ചനില്‍ പോയി ചോറെടുത്ത് അത് പശയാക്കി ബോര്‍ഡില്‍ ഒട്ടിച്ചുവെച്ചു.
എന്നിട്ട് ബേസിലിനോട് ചോദിച്ചു എന്നോട് പറഞ്ഞില്ലല്ലോ റോളുള്ള കാര്യം എന്ന്. അത് കണ്ട് അവരും കണ്‍ഫ്യൂസ്ഡ് ആയി. ചേട്ടനുണ്ട് ചേട്ടാ എന്നാണ് അവര്‍ പറഞ്ഞത്. അവരുടെയടുത്ത് അത്രയും സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. വേറെ ആരുടെയടുത്തും അങ്ങനെ ചെയ്യാറില്ല,’ബിജുക്കുട്ടന്‍ പറഞ്ഞു.
ഗോദ. Photo: IMDB
കരിയറിന്റെ പല സമയങ്ങളിലും സിനിമയില്ലാതിരുന്നപ്പോള്‍ ചാന്‍സ് ചോദിക്കാനായി ഒരു സമയം മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ചുറ്റുപാടുകള്‍ മോശമല്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ അങ്ങനെ ചെയ്യാത്തതെന്നും അല്ലെങ്കില്‍ പണ്ടത്തെ പോലെ ഒരു ജുബ്ബയും കക്ഷത്തില്‍ വെച്ച് നടന്നേനെയെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Bijukuttan talks about directors who gives chance to him in movies