മിമിക്രി രംഗത്ത് നിന്നാണ് ബിജുക്കുട്ടൻ സിനിമയിലേക്ക് എത്തിയത്. പച്ച കുതിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, തുടർന്ന് നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം തെളിയിച്ചു.
എന്നാൽ മമ്മൂട്ടി നായകനായെത്തിയ പോത്തൻ വാവ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ബിജുക്കുട്ടനെ മലയാളികൾക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കി മാറ്റിയത്.
സിനിമയിലേക്ക് എത്തിയ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ അത്ര സജീവമല്ലായിരുന്നുവെന്ന് ബിജുക്കുട്ടൻ പറയുന്നു.
ബിജുക്കുട്ടൻ, Photo: Bijukuttan/ Facebook
അതേസമയം, മമ്മൂട്ടിയോടൊപ്പം നിൽക്കുമ്പോൾ ‘ഇതാരാണ്’ എന്ന് ആളുകൾ ചോദിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും, അത്യാവശ്യം മലയാളികൾക്ക് താൻ പരിചിതനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജുക്കുട്ടൻ ഈ കാര്യങ്ങൾ പങ്കുവെച്ചത്.
‘ഞാനൊക്കെ സിനിമയിൽ വരുമ്പോൾ ഈ റീലോ അധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല. പക്ഷെ എന്നാലും ആ സമയം മീഡിയകളുണ്ട്. ഞാൻ നല്ലൊരു ഹിറ്റ് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പോത്തൻ വാവ സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിക്കുന്നത്.
ആ സമയം ജനങ്ങളും എന്നെ കണ്ടിട്ടുണ്ട്. അന്ന് അത്യാവശ്യം സിനിമയൊക്കെ പോലെ അതും നല്ല ഹൈപ്പിൽ നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഇതാരാണ് എന്ന് ചോദിക്കേണ്ട ആവശ്യമില്ല. അതൊരു വലിയ ഗുണം ചെയ്തിട്ടുണ്ട് ആർട്ടിസ്റ്റുകൾക്ക്.
പോത്തൻ വാവ, Photo: YouTube/ Screengrab
ഇതാരാണ് മമ്മൂക്കയുടെ കൂടെ എന്ന് ആർക്കും ചോദിക്കേണ്ടി വന്നിട്ടില്ല. അത് ഞങ്ങളെ അറിയാവുന്നത് കൊണ്ടാണ്,’ ബിജുക്കുട്ടൻ പറഞ്ഞു.
നാടകത്തിൽ നിന്നെല്ലാം സിനിമയിലെത്തിയവർക്കാണ് യഥാർത്ഥ കഷ്ടപ്പാട് അനുഭവിക്കേണ്ടിവരുന്നതെന്നും, അവരെ തിരിച്ചറിയുന്നത് നാടകവുമായി ബന്ധപ്പെട്ട ആളുകൾക്ക് മാത്രമായിരിക്കുമെന്നും താരം പറഞ്ഞു. തുടർന്ന് അവരുടെ സിനിമയിലെ പ്രകടനം കണ്ടിട്ടാണ് പൊതുജനങ്ങൾ അവരെ തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾക്ക് അത്തരം വെല്ലുവിളികൾ ഉണ്ടായിരുന്നില്ലെന്നും, മിമിക്രി രംഗത്ത് ഉണ്ടായിരുന്ന പരിചയം കാരണം പ്രേക്ഷകർക്ക് തന്നെ എളുപ്പത്തിൽ തിരിച്ചറിയാനായിരുന്നുവെന്നും ബിജുക്കുട്ടൻ പറഞ്ഞു.
നവാഗത സംവിധായകൻ സവിൻ സ സംവിധാനം ചെയ്ത വാഴ 2 ആണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതാണ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും ടീമുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlight: Bijukuttan talk about Mammootty