| Saturday, 11th April 2026, 10:53 am

ലാലേട്ടന്റെ നാവ് പൊന്നായി, അന്ന് പറഞ്ഞത് പോലെ തന്നെ നടന്നു: ബിജുക്കുട്ടൻ

നന്ദന എം.സി

മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന തരത്തിലുള്ള വലിയ വിജയമായി മാറിയ ചിത്രമാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2.

ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം റിലീസിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായി.

വാഴ 2, Photo: IMDb

എന്നാൽ യുവതാരങ്ങളോടൊപ്പം തന്നെ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയ കഥാപാത്രങ്ങളിൽ ഒന്നായി മാറിയത് ബിജുക്കുട്ടൻ അവതരിപ്പിച്ച അച്ഛൻ വേഷമാണ്. വിനായകിന്റെ അച്ഛനായി നിറഞ്ഞ പ്രകടനം കാഴ്ചവെച്ച ബിജുക്കുട്ടൻ, സിനിമയിൽ മറ്റൊരു ഇമോഷൻ നൽകി.

ചിത്രം റിലീസായതോടെ ഈ കഥാപാത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ, റിപ്പോർട്ടർ ഫിലിം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, തന്റെ കഥാപാത്രത്തിന് ലഭിച്ച ഈ അപ്രതീക്ഷിതമായ ജനപ്രീതിയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ബിജുക്കുട്ടൻ.

‘വാഴ ഇറങ്ങിയതിന് ശേഷം ‘ചോട്ടാ മുബൈ’യിൽ ലാലേട്ടൻ പറയുന്ന ഒരു സീൻ വെച്ച് നിരവധി എഡിറ്റുകൾ വരുന്നുണ്ട്. അതിന്റെ താഴെ കമന്റുകളും കാണാം ലാലേട്ടൻ പറഞ്ഞത് കറക്ട് ആയില്ലേ എന്ന്.

ചോട്ടാ മുബൈ, Photo: IMDb

‘എടാ നീയാണ് ഈ സിനിമയിലെ മെയിൻ’ എന്ന് പറയുന്ന ആ ഡയലോഗ് ആണ് എല്ലാ വീഡിയോകളിലും കാണാൻ സാധിക്കുന്നത്. ലാലേട്ടന്റെ ഡയലോഗും, പിന്നെ ‘വാഴ’യിൽ ഞാൻ പടക്കം പൊട്ടിക്കുന്ന സീനും ഒരുമിച്ചാണ് വീഡിയോ ഇറക്കുന്നത്. ലാലേട്ടൻ അന്ന് പറഞ്ഞ ആ ഡയലോഗുകൾ, ലാലേട്ടന്റെ നാവ് പൊന്നായി എന്ന് തന്നെ വേണം പറയാൻ,’ ബിജുക്കുട്ടൻ പറഞ്ഞു.

ബിജുക്കുട്ടൻ, വിനായക്, Photo: Bijukuttan/ Facebook

റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നീ സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം അൽഫോൻസ് പുത്രൻ, വിജയ് ബാബു, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlight: Bijukuttan talk about Actor Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more