| Monday, 20th April 2026, 8:35 am

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം അഭിനയിച്ചതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാൻ പേടിയാണെന്ന് പറഞ്ഞു, പക്ഷെ എനിക്കായിരുന്നു പേടി: ബിജുക്കുട്ടൻ

നന്ദന എം.സി

മലയാള സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി മുന്നേറുന്ന ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സംവിധായകൻ സവിൻ സ ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി ഇപ്പോഴും വിജയയാത്ര തുടരുകയാണ്.

ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി.

വാഴ 2, Photo: IMDb

കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിന്നപ്പോൾ എല്ലാവരെയും കരയിപ്പിച്ചികൊണ്ട് ബിജുക്കുട്ടന്റെ അച്ഛൻ കഥാപാത്രം ഒന്നുകൂടി പ്രേക്ഷക മനസിൽ കയറി കൂടി. ചിത്രത്തിൽ വിനായകിന്റെ അച്ഛനായി ബിജുക്കുട്ടൻ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഇപ്പോഴിതാ തന്റെ കൂടെ അഭിനയിക്കാൻ ഹാഷിറിനും ടീമിനും പേടിയായിരുന്നുവെന്നും എന്നാൽ സത്യത്തിൽ തനിക്ക് അവരോടൊപ്പം അഭിനയിക്കാനായിരുന്നു ഭയമെന്നും പറയുകയാണ് ബിജുക്കുട്ടൻ.

വാഴ 2, Photo: Biju Kuttan/ Facebook

‘ഹാഷിറിന്റെയും ടീമിന്റെയും കൂടെ അഭിനയിക്കുമ്പോൾ അവർ പറഞ്ഞത്, ‘ചേട്ടന്റെ കൂടെ അഭിനയിക്കാൻ പേടി ആയിരുന്നു ചേട്ടൻ മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിച്ച ആളല്ലേ,’ എന്നായിരുന്നു. അങ്ങനെ ഒരു പേടി ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. പക്ഷേ ഞാൻ ആ പേടി നൽകിയില്ല അങ്ങനെ ഒന്നും ഞാൻ അവരോട് കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

സത്യത്തിൽ എനിക്കായിരുന്നു പേടി. ഇവന്മാരുടെ കൂടെ എങ്ങനെ പിടിച്ചു നിൽക്കുമെന്നായിരുന്നു. പക്ഷേ അത് ഞാൻ പുറത്തു കാണിച്ചില്ല. കാരണം ഇവരുടെ ഒരു റേഞ്ച് വേറെയാണല്ലോ. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുന്നതിനാൽ ഞാനും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്. അവർ എടുത്ത വലിയൊരു എഫർട്ടിന്റെ ഫലമാണ് ഇപ്പോൾ സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്,’ ബിജുക്കുട്ടൻ പറഞ്ഞു.

നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് വാഴ. മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളും മഞ്ഞുമ്മൽ ബോയ്‌സും ലോകയുമാണ് പട്ടികയിൽ വാഴ2വിന് മുന്നിലുള്ളത്.

Content Highlight: Bijukuttan says he was scared to act with Hashir and his team

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more