| Tuesday, 27th October 2026, 11:45 am

ചാന്‍സുണ്ടോ എന്ന് ചോദിച്ച് ദിലീഷ് പോത്തനെ എപ്പോഴും വിളിച്ച് ശല്യം ചെയ്യും, ഗിരീഷ് എ.ഡിയുടെ നമ്പര്‍ ഇതുവരെ കിട്ടിയിട്ടില്ല: ബിജു സോപാനം

അമര്‍നാഥ് എം.

നാടകത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടന്മാരിലൊരാളാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കരുടെ സോപാനം തിയേറ്റര്‍ ഗ്രൂപ്പിലൂടെ അഭിനയജീവിതം ആരംഭിച്ച ബിജു സോപാനം ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തിന് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളില്‍ സിനിമാലോകത്തും ബിജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും സീരിയലില്‍ നിന്ന് അടുത്തിടെ വിട്ടുനില്‍ക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. ഒമ്പത് വര്‍ഷത്തിലേറെയായി ഭാഗമായിരുന്ന സീരിയലില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നത് ചെറിയ വിഷമം നല്‍കിയെന്നും എന്നാല്‍ അധികം വൈകാതെ തിരിച്ചെത്തുമെന്നും ബിജു സോപാനം പറഞ്ഞു.

സിനിമയില്‍ താന്‍ ഒരുപാട് സംവിധായകരോട് അവസരം ചോദിക്കാറുണ്ടെന്നും അതിന് ഒരു മടിയും കാണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരങ്ങള്‍ ചോദിച്ചുവാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്നും പറ്റുന്ന അത്രയും സംവിധായകരെ ബന്ധപ്പെടാറുണ്ടെന്നും ബിജു സോപാനം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സംവിധായകരെയും വിളിച്ച് ചാന്‍സ് ചോദിക്കാറുണ്ട്. എന്തെങ്കിലും വേഷം ഉണ്ടെങ്കില്‍ നമ്മളെ വിളിക്കണേ എന്ന് ചോദിക്കും. ‘എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാം. ഇടക്ക് ഓര്‍മിപ്പിക്ക്’ എന്ന് അവര്‍ പറയും. അങ്ങനെ ഇടക്കിടക്ക് വിളിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യും. ദിലീഷ് പോത്തനെയാണ് ഏറ്റവും കൂടുതല്‍ തവണ വിളിച്ച് ശല്യം ചെയ്യാറുള്ളത്.

ഒരു പടത്തിന്റെ ഷൂട്ടിന് ഞങ്ങള്‍ ഒരുമിച്ച് ആഫ്രിക്കയിലുണ്ടായിരുന്നു. ജിബൂട്ടി എന്ന പടത്തിന്റെ ലൊക്കേഷന്‍ ആഫ്രിക്കയായിരുന്നു. ആ സമയത്താണ് എനിക്ക് പുള്ളിയുമായി അടുക്കാന്‍ സാധിച്ചത്. എനിക്ക് ദിലീഷ് പോത്തന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ ഇഷ്ടമാണ്. പുള്ളി ഒരു സിനിമയെ അപ്പ്രോച്ച് ചെയ്യുന്ന സ്‌റ്റൈല്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഇനി സിനിമ ചെയ്യുമ്പോള്‍ എന്നെയും കൂടെ പരിഗണിക്കാന്‍ പറഞ്ഞിട്ടുണ്ട്,’ ബിജു സോപാനം പറയുന്നു.

അനൂപ് സത്യനുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡിപെന്‍ഡന്റ് സംവിധായകനാകുന്നതിന് മുമ്പ് അനൂപ് സത്യന്‍ ലാല്‍ ജോസിന്റെ സഹായിയായിരുന്നെന്നും അങ്ങനെയാണ് തനിക്ക് പരിചയമുണ്ടായതെന്നും ബിജു സോപാനം കൂട്ടിച്ചേര്‍ത്തു. തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് താന്‍ അനൂപിനെ പരിചയപ്പെട്ടതെന്നും താരം പറയുന്നു.

‘തട്ടുംപുറത്ത് അച്യൂതന്റെ സെറ്റില്‍ വെച്ചാണ് അനൂപിനെ പരിചയപ്പെട്ടത്. എന്നെങ്കിലും ഒരു സിനിമ ചെയ്യുമ്പോള്‍ എന്നെയും പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. ‘ഓ, നോക്കാം ചേട്ടാ’ എന്നായിരുന്നു അനൂപിന്റെ മറുപടി. ഗിരീഷ് എ.ഡിയുടെ പടത്തിലും ചാന്‍സ് ചോദിക്കണമെന്നുണ്ട്. പക്ഷേ, ഇതുവരെ നമ്പര്‍ കിട്ടിയിട്ടില്ല,’ബിജു സോപാനം പറഞ്ഞു

Content Highlight: Biju Sopanam saying he’s asking chances to Dileesh Pothan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more