സിനിമയില്‍ പലതും യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് പറയുകയാണ് നടന്‍ ബിജു മേനോന്‍. തുടക്കത്തില്‍ സഹ നടനായും പിന്നീട് വില്ലനായും ഒടുവില്‍ ചിരിപടര്‍ത്തുന്ന നായകനായുമുള്ള തന്റെ മാറ്റത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
വില്ലനായി വന്ന് നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ആളുകളുണ്ടെന്നും ആദ്യകാലങ്ങളില്‍ താന്‍ ചെയ്ത വേഷങ്ങളുടെ സ്വഭാവം എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമായിരുന്നില്ലെന്നും നടന്‍ പറയുന്നു.
ഇന്ന് ചിരിക്കാനുള്ള എന്തെങ്കിലും വകയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ തന്നെ നോക്കുന്നതെന്നും ബിജു മേനോന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘മേരിക്കുണ്ടൊരു കുഞ്ഞാട് മുതലാണ് ആ മാറ്റം വന്നുതുടങ്ങുന്നത്. അതിനുശേഷം വന്ന സീനിയേഴ്‌സ്, ഓര്‍ഡിനറി, വെള്ളിമൂങ്ങ എന്നിവയെല്ലാം ആ വഴിക്കുള്ള യാത്രയ്ക്ക് കരുത്തുപകര്‍ന്നു. ഓര്‍ഡിനറിയുടെ കഥ ആദ്യം പറയുമ്പോള്‍ ഞാന്‍ ചെയ്ത വേഷത്തില്‍ മുകേഷ് ആയിരുന്നു.
പിന്നീട് കാര്യങ്ങള്‍ മാറിമറഞ്ഞതാണ്. പാലക്കാടന്‍ ഭാഷയെല്ലാം പിന്നീട് വന്നതാണ്. സിനിമ അങ്ങനെയാണ്. പ്രതിനായകനില്‍ നിന്ന് ഇന്നത്തെ ഇമേജിലേക്ക് മാറിയത് ഒരു കൂടുമാറ്റമായി തന്നെയാണ് കാണുന്നത്. ബോധപൂര്‍വം ചെയ്യുന്നതല്ല. ഒഴുക്കിനനുസരിച്ച് നമ്മള്‍ സ്വയം മാറുന്നതാണ്,’ ബിജു മേനോന്‍ പറഞ്ഞു.
അനുരാഗകരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ആസിഫ് അലിയുടെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ ചെയ്തത്. ആ കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രം നോക്കിയാണ് ആ സിനിമ ചെയ്തതെന്നും കഥ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ വേഷമായിരുന്നു അതിലെ പൊലീസുകാരന്റേതെന്നും അദ്ദേഹം പറഞ്ഞു.
‘പൊലീസ് ജീവിതം എനിക്ക് നന്നായി അറിയാവുന്നതാണ്. ജോലിഭാരം കൊണ്ട് തളര്‍ന്ന് രാത്രിയില്‍ ക്ഷീണിച്ച് കയറിവരുന്ന അച്ഛന്റെ മുഖം ഇന്നും മനസിലുണ്ട്. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന വേഷമായതിനാല്‍ എളുപ്പത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. കൂടുതല്‍ പ്രായമുള്ള ആളാക്കി മാറ്റാനുള്ള മേക്കപ്പൊന്നും ചെയ്തിട്ടില്ല,’ ബിജു മേനോന്‍ പറയുന്നു.
Content Highlight: Biju Menon Talks About Ordinary Movie