ബിജു മേനോൻ, ശ്രീനാഥ് ഭാസി, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അവറാച്ചൻ & സൺസ്. അച്ഛനും മക്കളും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾക്കും തമാശകൾക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, തന്റെ മാതാപിതാക്കളെക്കുറിച്ച് ബിജു മേനോൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നപ്പോൾ ചെയ്യാമായിരുന്ന പല കാര്യങ്ങളും പിന്നീട് അവരെ നഷ്ടപ്പെട്ടതിന് ശേഷമാണ് ഓർമ വരുന്നതെന്നും, പലതും നാളെയാവാം എന്ന് കരുതി മാറ്റിവെച്ചത് നഷ്ടമായെന്നും പറയുകയാണ് താരം.
ബിജു മേനോൻ. Photo. X.Com
‘ അച്ഛൻ പറഞ്ഞതായിരുന്നു ശരി എന്ന് തോന്നിയ ഒരുപാട് നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സ്നേഹിച്ചു കൊതിതീർന്നില്ല, അല്ലെങ്കിൽ അവർക്കായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നൊക്കെ ഇപ്പോൾ അവർ ഒപ്പമില്ലാത്തപ്പോൾ തോന്നാറുണ്ട്. അവർ എന്നും നമ്മുടെ കൂടെത്തന്നെ ഉണ്ടാകും എന്ന ചിന്തയിൽ പല കാര്യങ്ങളും അത് നാളെയാവാം എന്ന് പറഞ്ഞ് മാറ്റിവെച്ചു,’ നടൻ പറഞ്ഞു.
അച്ഛനും അമ്മയും നൽകിയ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വില ഇന്ന് താൻ അച്ഛനായ ശേഷമാണ് കൂടുതൽ മനസിലാക്കുന്നതെന്നും, മക്കളെ വളർത്താൻ അവർ സഹിച്ച കഷ്ടപ്പാടുകളോട് വലിയ ബഹുമാനമാണെന്നും താരം പറയുന്നു.
‘അച്ഛനെയും അമ്മയെയും ഫ്ലൈറ്റിൽ കയറ്റണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അതൊക്കെ നാളെയാവാം എന്ന് വിചാരിച്ചിരുന്നതുകൊണ്ട് ഒടുവിൽ അത് സാധിക്കാതെ പോയി. അങ്ങനെ അവർക്കായി ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് മിസ്സ് ആയിട്ടുണ്ട്.
ബിജു മേനോൻ. Photo. Screen Grab/ Youtube
അന്നത്തെ അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവർ നമുക്ക് നൽകിയ ആ സംരക്ഷണം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. നമ്മൾ ഇപ്പോൾ ഒരു അച്ഛനായി ഇരിക്കുമ്പോഴാണ് അതിന്റെ പ്രയാസങ്ങളും സ്‌ട്രെസ്സുമൊക്കെ ശരിക്കും മനസിലാകുന്നത്.
മക്കളെ ഒരു നിലയിൽ എത്തിക്കാൻ അവർ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും അതൊക്കെ അവർ എത്ര ഭംഗിയായാണ് ഹാൻഡിൽ ചെയ്തത് എന്ന് ഓർക്കുമ്പോൾ അവരോട് വലിയ ബഹുമാനമാണ് തോന്നുന്നത്,’ ബിജുമേനോൻ പറഞ്ഞു.