| Sunday, 5th October 2025, 8:36 am

പത്രത്തിലെ ഫിറോസ് മുഹമ്മദിനെ പോലെയോ, അനുരാഗ കരിക്കിന്‍വെള്ളത്തിലെ രഘുവിനെ പോലെയോ അല്ല; 'വലതുവശത്തെ കള്ള'ന്റെ വിശേഷങ്ങളുമായി ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരാന്‍ പോകുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ബിജു മേനോന്‍. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്.

സിനിമയെ കുറിച്ചും തന്റ കഥാപാത്രത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ജീത്തു ജോസഫിന്റെ സേഫ് സോണായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് വലതുവശത്തെ കള്ളനെന്നും അദ്ദേഹത്തിന്റെ എഴുത്തിലാണ് കഥാപാത്രത്തിന്റെ വ്യത്യസ്തതയുള്ളതെന്നും ബിജു മേനോന്‍ പറയുന്നു.

പത്രത്തിലെ ഫിറോസ് മുഹമ്മദിനെ പോലെയോ അനുരാഗ കരിക്കിന്‍വെള്ളത്തിലെ രഘുവിനെ പോലെയോ അല്ല ഈ ചിത്രത്തിലെ സ്റ്റേഷന്‍ ചാര്‍ജുള്ള ഇന്‍സ്‌പെക്ടര്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെപ്പോലെ തന്നെ രണ്ട് പ്രധാന കഥാപാത്രങ്ങളുണ്ട് ഇതിലും.

ഞാനും ജോജു ജോര്‍ജുമാണ് ആ വേഷങ്ങള്‍ ചെയ്യുന്നത്. എന്നാല്‍, ഞങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്നുള്ള വെല്ലുവിളികളോ ഏറ്റുമുട്ടലുകളോ ഒന്നുമില്ല. എങ്കിലും പ്രേക്ഷകര്‍ക്കു താല്‍പര്യം തോന്നുന്നതും ഇതുവരെ ചെയ്യാത്തതുമായ മറ്റു ചില കാര്യങ്ങളുണ്ട്,’ ബിജു മേനോന്‍ പറഞ്ഞു.

മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങിയിരുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്.

വലതുവശത്തെ കള്ളന്‍ കൂടാതെ അമല്‍ തമ്പി എന്ന പുതുമുഖ സംവിധായകന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ റിലീസിനുള്ളത്. ഷൂട്ടിങ്ങ് 90% പൂര്‍ത്തിയായ ചിത്രത്തിന്റെ ക്ലൈമാക്സ് കൂടിയാണ് ചിത്രീകരിക്കാനുള്ളത്. സിനിമ ഒരു നല്ല കുടുംബചിത്രമായിരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Content highlight:  Biju Menon is sharing details about his upcoming film, Valathu vashante kallan 

We use cookies to give you the best possible experience. Learn more