ഏത് തരം വേഷവും അനായാസമായി പകര്‍ന്നാടാന്‍ കഴിയുന്ന മലയാളത്തിലെ ചുരുക്കം നടന്മാരിലൊരാളാണ് ബിജു മേനോന്‍. സീരിയല്‍ രംഗത്തിലൂടെ കടന്നുവന്ന താരം പതിയെയാണ് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന ബിജു മേനോന്‍ കോമഡിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ സൂപ്പര്‍താര സിനിമകളില്‍ നായകന്റെ സഹായിയുടെ റോളിലായിരുന്നു ബിജു മേനോന്‍ കൂടുതലായും പ്രത്യക്ഷപ്പെട്ടത്. മേരിക്കുണ്ടൊരു കുഞ്ഞാടിലെ റോളിന് ശേഷമാണ് താരത്തെത്തേടി കൂടുതലായും കോമഡി കഥാപാത്രങ്ങള്‍ വന്നത്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിക്കാന്‍ അത്രയും കാലം വേണ്ടിവന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍.
കരിയറിന്റെ ആദ്യകാലത്ത് ഗൗരവക്കാരന്റെ റോളുകളാണ് തനിക്ക് കൂടുതലായും ലഭിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുസമയത്ത് അത്തരം വേഷങ്ങള്‍ സ്ഥിരമായി ചെയ്തുവെച്ചതിലൂടെ തന്റെ യഥാര്‍ത്ഥ സ്വഭാവം അങ്ങനെയാണെന്ന് പലരും കരുതിയെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘സീരിയസ് റോളുകള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന സമയത്ത് എന്റെ ശരിക്കുള്ള സ്വഭാവം അങ്ങനെയാണെന്ന് പലരും കരുതി. പക്ഷേ, അന്നും ഞാന്‍ ഇടക്കൊക്കെ തമാശ ഡയലോഗ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, ആര്‍ക്കും അത് കേട്ടിട്ട് ചിരിയൊന്നും വന്നില്ല. സീരിയസായിട്ട് സംസാരിക്കുന്നതിനിടക്ക് ഒന്ന് കൂളാകാനായി തമാശ ഡയലോഗ് പറഞ്ഞുപോവുകയായിരുന്നു.
എന്നാല്‍ ആ സീരിയസ് മൂഡില്‍ നില്‍ക്കുന്നതുകൊണ്ട് ആരും അത് ശ്രദ്ധിക്കാത്തതാണ്. ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന രീതിയില്‍ ഡയലോഗുകള്‍ വരുമ്പോള്‍ അതിലേക്ക് ശ്രദ്ധ പോകില്ലല്ലോ. അങ്ങനെ സീരിയസ് റോള്‍ മാത്രം ചെയ്തുകൊണ്ട് മുന്നോട്ടുപോയി. മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്തുകഴിഞ്ഞതിന് ശേഷമാണ് എന്നെക്കൊണ്ടും കോമഡി പറ്റുമെന്ന് ആളുകള്‍ക്ക് തോന്നിത്തുടങ്ങിയത്,’ ബിജു മേനോന്‍ പറയുന്നു.
അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ അമല്‍ ഷീല തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ഫീല്‍ ഗുഡ് കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, അഖില ഭാര്‍ഗവന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: Biju Menon about the roles he done in initial phase of his career