| Sunday, 13th September 2026, 9:55 am

മലയാളത്തിന് താങ്ങാവുന്ന ബജറ്റായിരുന്നില്ല ആ സിനിമക്ക്, ഒരുപാട് ലിമിറ്റേഷനില്‍ ചെയ്തതുകൊണ്ട് മിസ്റ്റേക്കുകള്‍ ധാരാളമുണ്ടായി: ബിജു മേനോന്‍

അമര്‍നാഥ് എം.

ഏതുരതരം റോളും അനായാസമായി പകര്‍ന്നാടാന്‍ കഴിയുന്ന മോളിവുഡിലെ ചുരുക്കം നടന്മാരിലൊരാളാണ് ബിജു മേനോന്‍. സഹനടനായി കരിയറാരംഭിച്ച് പിന്നീട് നായകനായും വില്ലനായുമെല്ലാം പ്രേക്ഷകരെ ഞെട്ടിക്കാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ അന്യഭാഷകളിലും ബിജു മേനോന്‍ തന്റെ സാന്നിധ്യമറിയിക്കാറുണ്ട്.

മുമ്പ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്ന ബിജു മേനോന്‍ ഇപ്പോള്‍ അധികം സിനിമകളില്‍ പ്രത്യക്ഷപ്പെടാറില്ല. തെലുങ്ക് ചിത്രം ഡ്രാഗണിന്റെ തിരക്ക് കാരണമാണ് ബിജു മേനോന്‍ മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്. ബിജു മേനോന്‍ നായകനായ പഴയകാല സിനിമകളിലൊന്ന് അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെ സിനിമാപേജുകള്‍ ചര്‍ച്ചയാക്കിയിരുന്നു.

അനില്‍ ദാസ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ഭരതന്‍ എഫക്ട് എന്ന ചിത്രമാണ് ചര്‍ച്ചയായത്. റിലീസായ സമയത്ത് ഫ്‌ളോപ്പായി മാറിയ ഭരതന്‍ എഫക്ടിനെ കാലംതെറ്റി ഇറങ്ങിയ സിനിമയെന്നാണ് പലരും ഭരതനെ വിശേഷിപ്പിച്ചത്. അത്രയും വലിയ സബ്ജക്ട് താങ്ങാനുള്ള കപ്പാസിറ്റി അന്ന് മലയാളസിനിമക്ക് ഇല്ലായിരുന്നെന്ന് പറയുകയാണ് ബിജു മേനോന്‍. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ആ സിനിമ ചെയ്യാന്‍ കാരണം മധു മുട്ടം തിരക്കഥയെഴുതുന്നു എന്ന ഫാക്ടറാണ്. കഥ വായിച്ചപ്പോള്‍ മലയാളസിനിമക്ക് അന്ന് താങ്ങാന്‍ പറ്റുന്ന സബ്ജക്ടായിരുന്നില്ല. ഒരുപാട് ലിമിറ്റേഷനുകള്‍ അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിന്റെ ഇടയില്‍ നിന്നുകൊണ്ട് ചെയ്തുതീര്‍ത്തതായതുകൊണ്ട് അതിന്റേതായ പ്രശ്‌നങ്ങള്‍ സിനിമയിലുണ്ട്.

പക്ഷേ, ഞാന്‍ ആ സിനിമ ചെയ്യാന്‍ കാരണം മണിച്ചിത്രത്താഴിന് ശേഷം മധു മുട്ടം എഴുതിയ സ്‌ക്രിപ്റ്റായിരുന്നു അത്. അദ്ദേഹത്തിന്റെ ചിന്തകളെന്ന് പറഞ്ഞാല്‍ നമ്മള്‍ക്കൊന്നും ആലോചിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ആ സിനിമ അതിന്റെ പെര്‍ഫക്ഷനില്‍ അന്ന് നമുക്ക് എടുക്കാന്‍ പറ്റിയില്ല. ഇന്ന് ടെക്‌നോളജിയും ബാക്കി കാര്യങ്ങളും വളര്‍ന്നതുകൊണ്ട് നമ്മള്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാന്‍ പറ്റുന്നത് നല്ല കാര്യമാണ്,’ ബിജു മേനോന്‍ പറയുന്നു.

നവാഗതനായ ആനന്ദ് ശീല തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. മുഴു മദ്യപാനിയായ അവറാച്ചന്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Biju Menon about his old movie Bharathan Effect

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more