മറ്റ് പല ഭാഷകളെയും അപേക്ഷിച്ച് പരിമിതമായ കാഴ്ച്ചക്കാരും മാര്‍ക്കറ്റുമുള്ള ഫിലിം ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. നൂറുകോടിയെന്ന നേട്ടത്തെ സമീപകാലത്ത് മാത്രം ബെഞ്ച് മാര്‍ക്കാക്കിയ മലയാള സിനിമയില്‍ പല താരങ്ങളുടെയും വമ്പന്‍ ചിത്രങ്ങള്‍ക്ക് ഈ നേട്ടം കിട്ടാക്കനിയാണ്. എന്നാല്‍ ബിഗ് ബജറ്റോ താരപകിട്ടോ ഇല്ലാതെ കഥയുടെ അകക്കാമ്പും അഭിനയ-സാങ്കേതിക തികവും കൊണ്ട് നൂറും കടന്ന് നൂറ്റമ്പത് കോടിയെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2.
ബിജുക്കുട്ടന്‍. Photo: Dool News
ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും അതിന്റെ കൃത്യതയോടെ ചേര്‍ത്ത് തിയേറ്ററുകളില്‍ പ്രേക്ഷകരെ വൈകാരികമാക്കുന്ന ചിത്രത്തില്‍ വേഷമിട്ട പുതുമുഖങ്ങളും ബിജുക്കുട്ടന്‍, സുധീഷ്, അജു വര്‍ഗീസ് തുടങ്ങിയ മുതിര്‍ന്ന അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതില്‍ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമായിരുന്നു ബിജുക്കുട്ടന്‍ കൈകാര്യം ചെയ്ത വിനായകന്റെ അച്ഛന്‍ കഥാപാത്രം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ചിത്രത്തില്‍ ബിജുക്കുട്ടനിലൂടെ സംവിധായകന്‍ റീക്രിയേറ്റ് ചെയ്തിരുന്നു. വിഷുവിന് പടക്കം പൊട്ടിച്ച് തിരിഞ്ഞോടുമ്പോള്‍ കാല്‍ തെന്നി വീഴുന്ന വീഡിയോയിരുന്നു വാഴ 2വില്‍ പ്രത്യക്ഷപ്പെട്ടത്. യഥാര്‍ത്ഥ വീഡിയോ എല്ലാവരെയും ചിരിപ്പിച്ചപ്പോള്‍ ചിത്രം കണ്ടിറങ്ങിയവരുടെ മനസിന് ഭാരം നല്‍കുന്ന രീതിയിലായിരുന്നു ചിത്രത്തില്‍ സംഭവത്തെ പ്ലേസ് ചെയ്തിരുന്നത്. സീനിനെക്കുറിച്ച് ബിജുക്കുട്ടന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന്.
‘എല്ലാ വിഷുവിനും ആ ചേട്ടന്റെ വീഡിയോ സ്റ്റിക്കറായും വീഡിയോ ആയും വരുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോഴും നമ്മളത് കോമഡി ആണെന്നാണ് കരുതിയിരുന്നത്. പക്ഷേ അത് സ്‌ക്രീനില്‍ കാണുമ്പോഴാണ് ഇത് ഇങ്ങനെയാണല്ലോ ദൈവമേ എന്നാലോചിക്കുന്നത്. രണ്ട് ദിവസമായാണ് ഷൂട്ട് ചെയ്ത്. ഒരു ദിവസം പടക്കം പൊട്ടുന്നത് എടുത്തപ്പോള്‍ മറ്റൊരു ദിവസം കുട്ടിയെ ചേര്‍ത്തുപിടിക്കുന്നതെടുത്തു. പക്ഷേ ഇത് അവര്‍ ആ രീതിയില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് സ്‌ക്രീനിലെ മാജിക്ക് മനസിലാവുന്നത്.
വാഴ 2. Photo: X.com
ഞാന്‍ കരയില്ലെന്ന് പറഞ്ഞ് തിയേറ്ററുകളില്‍ ഇരുന്ന പലരുടെയും കണ്ണില്‍ നിന്നും വെള്ളം വരുന്നത് ഞാന്‍ കണ്ടിരുന്നു. വീഡിയോയില്‍ അദ്ദേഹം നെഞ്ചിടിച്ചിട്ടാണ് വീഴുന്നത്. അതിന് ശേഷം എന്തുപറ്റി എന്നറിയാന്‍ എനിക്കും താത്പര്യമുണ്ട്. കുറെ ആളുകള്‍ ആ ചേട്ടനെ അറിയാമോ എന്ന് ചോദിച്ച് വിളിക്കാറുണ്ട്. പക്ഷേ എനിക്ക് ഒന്നും അറിയില്ല. ഈ വിഷുവിന് മുമ്പ് അദ്ദേഹത്തെ സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ കൊണ്ടുവന്ന് എന്താണ് സംഭവിച്ചതെന്നറിയാന്‍ എനിക്കും താത്പര്യമുണ്ട്,’ ബിജുക്കുട്ടന്‍ പറഞ്ഞു.
Content Highlight: Biju kuttan talks about the viral video and recreated scene in Vaazha 2