| Monday, 13th April 2026, 11:05 pm

സ്ഥിരം കോമഡി വേഷങ്ങള്‍ കിട്ടിയതില്‍ നിരാശയില്ല; പോത്തന്‍ വാവക്ക് ശേഷം  ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു: ബിജു കുട്ടന്‍

ഐറിന്‍ മരിയ ആന്റണി

സ്ഥിരം കോമഡി വേഷങ്ങള്‍ കിട്ടിയതില്‍ തനിക്ക് നിരാശ തോന്നിയിട്ടില്ലെന്നും പോത്തന്‍ വാവയില്‍ മമ്മൂട്ടി അവസരം തന്നത് മുതല്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ താന്‍ ചെയ്തുവെന്നും നടന്‍ ബിജു കുട്ടന്‍. വാഴ2വിന്റെ വിജയത്തില്‍ മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മറ്റ് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടിയില്ലെങ്കിലും തമാശ കിട്ടിയാല്‍ ഞാന്‍ ചെയ്യും. സിനിമ അങ്ങനെയാണ്, എപ്പോഴും നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നില്‍ക്കുകയില്ല. സിനിമ സഞ്ചരിച്ച് കൊണ്ടേയിരിക്കും. അതിന്റെ പുറകേ നമ്മളെപ്പോഴും ഉണ്ടാകുക എന്നതാണ് പ്രധാനം. മമ്മൂക്ക വിളിച്ച് പോത്തന്‍ വാവ എന്ന സിനിമയില്‍ ഒരവസരം തന്നതിന് ശേഷം എനിക്ക് അങ്ങനെ സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഒരുപാട് ഉണ്ടായിട്ടില്ല.

ഞാന്‍ വീട് വെച്ചു, കാറ് വാങ്ങി അതുപോലെ മക്കളെ പഠിപ്പിച്ചു. കൂട്ടുകാര്‍ക്കും മറ്റുമൊക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ ഒരു കൈ സഹായം നല്‍കാന്‍ കഴിയുന്നുണ്ട്. കടം വാങ്ങിക്കേണ്ട അവസ്ഥകളൊന്നും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ എന്തിന് ദുഖിക്കണം. സിനിമയില്‍ വരുന്നതിന് മുമ്പും അങ്ങനെ വീട്ടിലൊന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടില്ല,’ ബിജു കുട്ടന്റെ വാക്കുകള്‍.

പച്ചക്കുതിര എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബിജു കുട്ടന്‍ പോത്തന്‍ വാവ, ഛോട്ടാ മുംബൈ എന്നീ സിനിമകളില്‍ കോമഡി വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. പിന്നീട് നൂറില്‍പരം സിനിമകളില്‍ കോമഡി റോളില്‍ അദ്ദേഹം അഭിനയിച്ചു. വാഴ2 വിലൂടെ ഗൗരവമുള്ള വേഷത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായ വിനായകിന്റെ അച്ഛന്‍ വേഷത്തിലാണ് ബിജു കുട്ടന്‍ എത്തിയത്. ചിത്രത്തിലെ ഇമോഷണലായ സീനുകളിലെ ബിജുക്കുട്ടന്റെ പ്രകടനത്തിന് വലിയ കയ്യടികളുയരുന്നുണ്ട്. ഇത്രയും വര്‍ഷം സിനിമയില്‍ കോമഡി റോളുകളില്‍ മാത്രം ഒതുങ്ങി നിന്ന താരം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. ബിജു കുട്ടനെ ഇനിയും മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വാഴ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ടാണ് വാഴ2വിന്റെ മുന്നേറ്റം. നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ വിപിന്‍ ദാസ് തിരക്കഥ നിര്‍വഹിച്ച വാഴ2, വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് എത്തിയത്. ഇന്‍സ്റ്റാഗ്രം റീലുകളിലൂടെ പോപ്പുലറായി ഹാഷിര്‍, വിനായക്, അലന്‍, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സവിന്‍ സൈാ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ കളക്ഷനാണ് നേടിയത്.

Content Highlight: Biju Kuttan says he is not disappointed in getting regular comedy roles 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more