| Thursday, 3rd July 2025, 9:56 am

ബിഹാർ വോട്ടർ പട്ടിക പരിഷ്‌ക്കരണം യുക്തിരഹിതം; തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബീഹാറിലെ വോട്ടർ പട്ടികയിലെ തീവ്രമായ പരിഷ്കരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ.

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തുന്ന പ്രത്യേക പരിശോധനയിൽ എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) ലിബറേഷൻ, എൻ.സി.പി-എസ്.പി, സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ 11 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും കണ്ടത്.

പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ ‘വോട്ട് ബന്ദി’ എന്ന് വിമർശിക്കുകയും ഇത് സംസ്ഥാനത്തെ ജനാധിപത്യത്തെ ഭീഷണിയിലാക്കുമെന്ന് ആരോപിക്കുകയും ചെയ്തു. വോട്ടെടുപ്പ് സമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പുതിയ പരിഷ്ക്കരണവും അത് നടപ്പാക്കാനായി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം തെരഞ്ഞെടുത്തതും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് പറഞ്ഞു.

‘ബീഹാറിലെ 7.75 കോടിയിലധികം വോട്ടർമാരുടെ വോട്ട് പരിശോധിക്കലാണ് ഈ നടപടിയിൽ ഉൾപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടോ മൂന്നോ മാസം മാത്രം ശേഷിക്കെ, ഇത്രയും വലിയ ഒരു പ്രവർത്തനം നടത്തുന്നത് പ്രായോഗികമോ ന്യായമോ അല്ല. , സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അത്യാവശ്യമായ സമതുലിതാവസ്ഥയുടെ ലംഘനമാണിത്,’ അദ്ദേഹം പറഞ്ഞു.

ബീഹാറിലെ 20% വോട്ടർമാർ സംസ്ഥാനത്തിന് പുറത്താണ് താമസിക്കുന്നതെന്ന് കമ്മീഷൻ സമ്മതിച്ചതായും അതിനർത്ഥം അവരുടെ വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സി.പി.ഐ.എം നേതാവ് ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു. ഈ പ്രക്രിയ ‘വോട്ട് ബന്ദി’ ആണെന്ന് അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ലക്ഷക്കണക്കിന് വോട്ടർമാർക്ക് തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ ഒരു മാസം മതിയാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സാധിച്ചില്ലെന്ന് തോന്നുന്നു. ബീഹാറിലെ ജനാധിപത്യം ഭീഷണിയിലാണ്. ഒരു വലിയ ജനകീയ പ്രസ്ഥാനം ഇപ്പോൾ ആവശ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നില്ലെന്ന് ആർ.ജെ.ഡി എം.പി മനോജ് ഝാ പറഞ്ഞു. ‘ബീഹാറിലെ ദരിദ്രരും പിന്നോക്കക്കാരുമായ ജനങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്ക ഞങ്ങൾ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഒരു ആശങ്കയും ഞങ്ങൾ കണ്ടില്ല. ഇത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമമാണോ? സംസ്ഥാനത്തിന് പുറത്തേക്ക് കുടിയേറുന്ന 20 ശതമാനം ബിഹാറികളാണ് ലക്ഷ്യം. ഈ പ്രക്രിയയുടെ ഉദ്ദേശം എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിന് പകരം ഒഴിവാക്കലാണെങ്കിൽ, നമ്മൾ എന്തുചെയ്യണം? ബീഹാറിൽ സംശയാസ്പദമായ വോട്ടർമാരെ കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുകയാണോ?,’ അദ്ദേഹം ചോദിച്ചു.

ബീഹാർ ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമാണിതെന്ന് വോട്ടെടുപ്പ് സമിതി പറയുന്നു.

ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ എന്ന ഭരണഘടനാ വ്യവസ്ഥയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓർമ്മിപ്പിച്ചു. ഇതിന്റെ ഭാഗമായി 2025ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ വോട്ടർ പട്ടിക പുതുക്കലിനായി പുതിയ നയം കൊണ്ടുവന്നു. ഇതോടെ 2003 ന് ശേഷം വോട്ടർ പട്ടികയിൽ ചേർന്ന എല്ലാ പേരുകളും വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും. അതിനായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ച് ആളുകളുടെ വിശദവിവരങ്ങൾ ശേഖരിക്കും. പുതിയ വ്യവസ്ഥ പ്രകാരം, വോട്ടർ പട്ടികയിൽ തുടരാൻ ആളുകൾ അവർ തങ്ങളുടെ ജനന സ്ഥലം തെളിയിക്കാൻ രേഖകൾ സമർപ്പിക്കണം.

ഇത്തരത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം സമർപ്പിക്കാത്ത ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തേക്കും.

2003 ലെ വോട്ടര്‍പട്ടികയിൽ 4.96 കോടി വോട്ടര്‍മാരായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.96 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ബാക്കി 2.93 കോടി വോട്ടര്‍മാര്‍ ജനനത്തീതി, ജനനസ്ഥലരേഖകള്‍ അടക്കം ഹാജരാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുള്ള നടപടികള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് പുതിയ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

Content Highlight: Bihar voter rolls revision unreasonable, say Opposition parties in Delhi meet

We use cookies to give you the best possible experience. Learn more