| Thursday, 17th July 2025, 8:01 am

ബീഹാർ വോട്ടർ പട്ടിക; ന്യൂനപക്ഷ വോട്ടർമാരെ കൂട്ടത്തോടെ വെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ വോട്ടർപ്പട്ടികയുടെ പുനപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടർമാർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ബീഹാറിൽ, വോട്ടർ പട്ടിക പുതുക്കുന്നതിനായി സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) നടത്തുന്നതിനായി എന്യൂമറേഷൻ  ഫോമുകൾ പൂരിപ്പിക്കൽ സജീവമായി നടക്കുകയാണ്.

എന്നാൽ എസ്‌.ഐ.ആർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ ഒരു സംഗ്രഹ പരിഷ്കരണം നടത്തിയിരുന്നു. ഇത് 2025 ജൂണിൽ അവസാനിച്ചു. സംഗ്രഹ പരിഷ്കരണം എല്ലാ വർഷവും നടക്കാറുള്ളതാണ്. അതിലൂടെ വോട്ടർമാർക്ക് എൻട്രികൾ ചേർക്കാനോ ശരിയാക്കാനോ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനോ കഴിയും. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടർമാരെ പുറംതള്ളിയത്. ജൂണിൽ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന പുനപരിശോധന.

പല ന്യൂനപക്ഷ വോട്ടർമാരും വോട്ടർ പട്ടികയിൽ നിന്ന് തങ്ങളുടെ പേരുകൾ  ഒഴിവാക്കിയതായി പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പൂർണിയയിലെ ചിംനി ബസാറിലെ 400 ഓളം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി വാർഡ് മെമ്പർ സിതാബ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇവരെല്ലാവരും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

പുനപരിശോധനയുടെ ഭാഗമായി പേരുചേർക്കൽ ഫോം ആവശ്യപ്പെട്ട് ബൂത്തുതല ഉദ്യോഗസ്ഥരെ സമീപിച്ച ഘട്ടത്തിലാണ് പട്ടികയിൽ പേരില്ലെന്ന് അറിയുന്നത്. പുതിയ വോട്ടറെന്ന നിലയിൽ പേരുചേർക്കേണ്ട സ്ഥിതിയിലാണിവർ. എന്നാൽ അതിനായി തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ ഭൂരിഭാഗം പേർക്കുമില്ല.

‘2024 ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തിയാണ് ഞാൻ എന്നാൽ പുതിയ പരിഷ്ക്കരണത്തിനായുള്ള ഫോം വാങ്ങാൻ ചെന്നപ്പോൾ എന്റെ പേര് ലിസ്റ്റിലേ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്,’ തന്റെ 2024 ലെ വോട്ടർ സ്ലിപ്പ് കാണിച്ചുകൊണ്ട് ഒരു വ്യക്തി പറഞ്ഞു.

പൂർണിയയെക്കൂടാതെ മുസഫർപൂരിലും ഹാജിപൂരിലും സീമാഞ്ചലിലുമെല്ലാം സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാജിപൂരിൽ, ഒരു ബൂത്ത് ലെവൽ ഓഫീസർ രേഖകൾ ഇല്ലെങ്കിൽ ഫോം നൽകില്ലെന്ന് പ്രദേശവാസികളോട് പറഞ്ഞതായി അവർ പറയുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഫോം നൽകാൻ തയാറായെന്നും അവർ പറഞ്ഞു. ചില ബി.എൽ.ഒമാർ ആധാർ രേഖയായി അംഗീകരിക്കുമെന്നും ചിലർ അംഗീകരിക്കില്ലെന്നും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ആഴ്ച, സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആധാർ, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ വെരിഫിക്കേഷൻ ഡ്രൈവിൽ തെളിവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും പല ബൂത്ത് ലെവൽ ഓഫീസർമാരും അത് അനുസരിക്കുന്നില്ല.

ബിഹാറിൽ പതിറ്റാണ്ടുകളായി കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നടക്കുന്ന ബോധപൂർവമായ നീക്കമാണ് പുനപരിശോധനയുടെ ഭാഗമായി നടക്കുന്നുണ്ടെന്ന് വലിയ വിമർശനം ഉയരുന്നുണ്ട്. ബി.എൽ.ഒമാർ തന്നെയാണ് ന്യൂനപക്ഷത്തെ ഒഴിവാക്കാൻ മുൻകൈയെടുക്കുന്നതെന്നും വിമർശനമുണ്ട്.

35.68 ലക്ഷം ആളുകൾ ഇപ്പോൾ തന്നെ പട്ടികയിൽനിന്ന് പുറത്തായതായി കമീഷൻ നേരത്തെ അറിയിച്ചിരുന്നു. ഇങ്ങനെ പുറത്തായവരുടെ മണ്ഡലം തിരിച്ചുള്ള കണക്കുകളും കമ്മീഷൻ പുറത്തുവിട്ടു. വർസാലിഗഞ്ച് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. 8399 പേർ. ഇതരസംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവർ കൂടുതലായുള്ള കിഴക്കൻ ബിഹാറിലാണ് ഏറ്റവും കൂടുതൽ പേർ പട്ടികയിൽനിന്ന് പുറത്തായിരിക്കുന്നത്.

Content Highlight: Bihar voter list: Minority voters were massively cut out

We use cookies to give you the best possible experience. Learn more