| Friday, 14th November 2025, 7:40 am

ബീഹാര്‍ വോട്ടെണ്ണല്‍; തിരിമറി നടത്തിയാല്‍ നേപ്പാള്‍ മോഡല്‍ പ്രക്ഷോഭമെന്ന് ആര്‍.ജെ.ഡി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വരാനിരിക്കെ വിവാദ പരാമര്‍ശവുമായി ആര്‍.ജെ.ഡി.എം.എല്‍.എ സുനില്‍ സിങ്. വോട്ടെണ്ണലില്‍ തിരിമറി നടത്തിയാല്‍ നേപ്പാള്‍ മോഡല്‍ പ്രക്ഷോഭമുണ്ടാകുമെന്നാണ് സുനില്‍ സിങ്ങിന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായതോടെ സുനില്‍ സിങ്ങിനെതിരെ കേസെടുക്കാന്‍ ഡി.ജി.പി വിനയ് കുമാര്‍ നിര്‍ദേശം നല്‍കി.

പാട്‌ന സൈബര്‍ പൊലീസിനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

സുനില്‍ സിങ്ങിന്റെ പ്രസ്താവനകള്‍ അടങ്ങുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുനില്‍ സിങ് പറഞ്ഞിരുന്നു.

‘വോട്ടെണ്ണല്‍ പ്രക്രിയയില്‍ എന്തെങ്കിലും തിരിമറി നടന്നാല്‍ ബീഹാറിലെ ജനങ്ങള്‍ നേപ്പാളിലേതിന് സമാനമായ ഒരു സാഹചര്യം സൃഷ്ടിക്കും. 2020ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആര്‍.ജെ.ഡി തെരുവിലിറങ്ങും,’ സുനില്‍ സിങ് പറഞ്ഞു.

ചില സര്‍ക്കാര്‍ ഘടകങ്ങള്‍ വോട്ടെണ്ണലില്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്നും ആര്‍.ജെ.ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ സഹായി കൂടിയായ സുനില്‍ സിങ് പ്രതികരിച്ചിരുന്നു. പിന്നാലെ സുനില്‍ സിങ്ങിനെതിരെ വിമര്‍ശനവുമായി എല്‍.ജെ.ഡി-രാംവിലാസ് എം.പി ശാംഭവി ചൗധരി രംഗത്തെത്തി.

‘ആര്‍.ജെ.ഡി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാര്‍ നല്ല രീതിയില്‍ ഭരണം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ഭീഷണികള്‍ വിലപ്പോവില്ല. ബീഹാറില്‍ നിലനില്‍ക്കുന്ന സമാധാനം ആരുടെയും പ്രസ്താവനകള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ല.

ഏതെങ്കിലും വിധത്തില്‍ സമൂഹത്തില്‍ അക്രമം പ്രോത്സാഹിപ്പിക്കുക എന്നതാണ് ആര്‍.ജെ.ഡിയുടെ പ്രത്യയശാസ്ത്രം. ആര്‍.ജെ.ഡിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ജാതീയതയിലും വര്‍ഗീയതയിലും അധിഷ്ഠിതമാണ്. സുനില്‍ സിങ്ങിനെതിരെ മാന്യതയുണ്ടെങ്കില്‍ ആര്‍.ജെ.ഡി നടപടിയെടുക്കണം,’ ശാംഭവി ചൗധരി എ.എന്‍.ഐയോട് പ്രതികരിച്ചു.

Content Highlight: Bihar vote counting; RJD MLA sunil singh says Nepal model protest if rigged

We use cookies to give you the best possible experience. Learn more