| Monday, 16th March 2026, 9:49 pm

Bihar Rajya Sabha Election; എ.ഐ.എം.ഐ.എമ്മും ബി.എസ്.പിയും വോട്ട് ചെയ്തു; കോണ്‍ഗ്രസ്-ആര്‍.ജെ.ഡി എം.എല്‍.എമാര്‍ വിട്ടുനിന്നു, എന്‍.ഡി.എയ്ക്ക് വിജയം

രാഗേന്ദു. പി.ആര്‍

പാട്‌ന: ബീഹാറിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വിജയം. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പിയുടെ ശിവേഷ് റാം, ജെ.ഡി.യുവിന്റെ രാംനാഥ് താക്കൂര്‍, ആര്‍.എല്‍.എമ്മിന്റെ ഉപേന്ദ്ര കുശ്വാഹയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു നേതാക്കള്‍. കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡിയുടെയും എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ സഹായിച്ചു.

കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാരും ആര്‍.ജെ.ഡിയുടെ ഒരു എം.എല്‍.എയുമാണ് വിട്ടുനിന്നത്. എന്നാല്‍ പ്രതിപക്ഷ സഖ്യത്തില്‍ കക്ഷി ചേരാത്ത എ.ഐ.എം.ഐ.എമ്മിന്റെയും ബി.എസ്.പിയുടെയും എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി.

ബീഹാര്‍ നിയമസഭയിലെ അഞ്ച് എ.ഐ.എം.ഐ.എം എം.എല്‍.എമാരും ബി.എസ്.പിയുടെ ഏക എം.എല്‍.എയും ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായ അമരേന്ദ്ര ധാരി സിങ്ങിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

മനോഹര്‍ പ്രസാദ്, സുരേന്ദ്ര കുശ്വാഹ, മനോജ് വിശ്വാസ് എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബീഹാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നെങ്കില്‍ എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് നഷ്ടമായേനെയെന്നാണ് വിലയിരുത്തല്‍.

243 എം.എല്‍.എമാരാണ് ബീഹാര്‍ നിയമസഭയില്‍ ആകെയുള്ളത്. മുഴുവന്‍ അംഗങ്ങളും പോളിങ്ങിനെത്തുകയാണെങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ 41 വോട്ടുകളാണ് ആവശ്യം. അങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസ്-ആര്‍.ജെ.ഡി എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

അതേസമയം ഒഡീഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ക്രോസ് വോട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്തു. രമേഷ് ജെന, ദാശരഥി ഗൊമാംഗോ, സോഫിയ ഫിറോഡസ് എന്നിവരാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്.

ബീഹാറില്‍ നിന്ന് ബി.ജെ.പിയുടെ മന്‍മോഹന്‍ സമല്‍, ബി.ജെ.പി നേതാവും സിറ്റിങ് രാജ്യസഭാംഗവുമായ സുജീത് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദിലീപ് റേ, ബിജു ജനതാദളിന്റെ സാന്‍ട്രപ്റ്റ് മിശ്ര എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Bihar Rajyasabha Election; NDA wins in 5 seat

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more