| Monday, 18th August 2025, 9:45 pm

ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണം; കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കമ്മീഷന്‍ സ്വന്തം ജോലി കൃത്യമായി ചെയ്തില്ലെങ്കില്‍ നിയമനടപടി ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറില്‍ തുടരുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് ചോരി ഇന്ത്യന്‍ ഭരണഘടനയ്ക്കും സംവിധാനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

വരും കാലങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും വോട്ട് മോഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും മോദി സര്‍ക്കാരിനെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആര്‍) ബീഹാറിലും മോദി വോട്ട് മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. ബീഹാറിലെ ജനങ്ങള്‍ അതിന് അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചു.

‘മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത് വഞ്ചനയിലൂടെയാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം വിജയിച്ചു. പക്ഷേ പുതിയ വോട്ടര്‍മാരെ ചേര്‍ത്തുകൊണ്ട് ബി.ജെ.പി വഞ്ചനയിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയല്ല തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്, മറിച്ച് തന്നെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വോട്ട് മോഷണം തങ്ങള്‍ അവസാനിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ ഇന്ത്യാ സഖ്യം തീരുമാനത്തിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം.

കൂടാതെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ (ചൊവ്വ) ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മയില്‍സ്വാമി അണ്ണാദുരൈ ഉള്‍പ്പെടെയാണ് സാധ്യത പട്ടികയിലുള്ളത്.

ഇതിനിടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സി.പി. രാധാകൃഷ്ണന് പിന്തുണ തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എം.കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരുന്നു. ഫോണ്‍ കോളിലൂടെയാണ് മന്ത്രി പിന്തുണ ആവശ്യപ്പെട്ടത്. എന്നാല്‍ സി.പി. രാധാകൃഷ്ണനെ പിന്തുണക്കില്ലെന്നാണ് ഡി.എം.കെയുടെ നിലപാട്.

Content Highlight: If Gyanesh Kumar has joined BJP, he should come out and say so: Rahul Gandhi

We use cookies to give you the best possible experience. Learn more